എറണാകുളം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ. എന്നാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്നല്ല മറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമാണോയെന്നാണ് പരിഗണിക്കുന്നതെന്ന് ഹൈക്കോടതി മറുപടി നൽകി. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഈ മാസം 12 ലേക്ക് മാറ്റി.
കേസ് അന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറേണ്ടതില്ലെന്ന സംസ്ഥാനസർക്കാരിന്റെ നിലപാട് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പൊലീസ് ശരിയായ പാതയിലാണ് കേസ് അന്വേഷിക്കുന്നതെന്നായിരുന്നു സർക്കാരിന്റെ വാദം.
എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്ഡയറി ഹാജരാക്കിയാണ് അന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറേണ്ടതില്ലെന്ന നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം പ്രതിയുടെ രാഷ്‌ട്രീയ ബന്ധം കേസ് അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ വാദിച്ചു. രാഷ്‌ട്രീയ സ്വാധീനം ഉള്ളതിനാൽ അന്വേഷണം മോശമാവണമെന്നില്ല, പ്രതിയുടെ രാഷ്‌ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്നും കോടതി ചോദിച്ചു.
തുടർന്ന് നവീൻ ബാബുവിന്റെ കുടുംബം സത്യവാങ്മൂലം സമർപ്പിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഈ മാസം 12 ലേക്ക് മാറ്റി. നവീനെ കൊലപ്പെടുത്തിയതാകെമെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന ആരോപണമുന്നയിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. സി.പി.എം നേതാവ് പി.പി ദിവ്യ പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുമെന്ന പ്രതീക്ഷയില്ലെന്നും കുടുംബം വാദമുന്നയിച്ചിരുന്നു.















