ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. അടുത്തിടെ പാകിസ്താനിലെ ബഹവൽപൂരിൽ നടന്ന പൊതുസമ്മേളനത്തിൽ മസൂദ് അസർ പ്രസംഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
മസൂദ് അസറുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ട് യാഥാർത്ഥ്യമെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പാകിസ്താൻ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
“ഇന്ത്യയുടെ അതിർത്തി കടന്ന് ഭീകരാക്രമണങ്ങൾ നടത്തിയതിൽ മസൂദ് അസറിന് വലിയ പങ്കുണ്ട്. അസറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും നിയമത്തിന് മുന്നിൽ അയാളെ കൊണ്ടുവരണമെന്നും ആവശ്യപ്പെടുകയാണ്. ഇക്കാര്യത്തിൽ ഇത്രയും നാൾ പാക് ഭരണകൂടം താമസം വരുത്തിയത് മസൂദ് അസർ പാകിസ്താനിൽ ഇല്ലെന്ന വാദം ഉയർത്തിയായിരുന്നു.”- വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
നീണ്ട 20 വർഷത്തിന് ശേഷമായിരുന്നു മസൂദ് അസർ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് പ്രസംഗിച്ചത്. ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രസംഗം. കഴിഞ്ഞ മാസം നടന്ന പരിപാടിയുടെ വീഡിയോ അടുത്തിടെ പുറത്തുവരികയായിരുന്നു.
വർഷങ്ങൾക്ക് മുൻപ്, ഇന്ത്യൻ സൈന്യം മസൂദ് അസറിനെ പിടികൂടി തടവിലാക്കിയിരുന്നെങ്കിലും ഭീകരന്റെ മോചനത്തിന് ഇടയാക്കിയത് കാണ്ഡഹാർ വിമാന റാഞ്ചൽ ആയിരുന്നു. കഴിഞ്ഞ രണ്ടര ദശാബ്ദങ്ങൾക്കിടെ ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങളും (2011ലെ പാർലമെന്റ് ആക്രമണം ഉൾപ്പടെ) മസൂദ് അസറിന്റെ നേതൃത്വത്തിലായിരുന്നു സംഭവിച്ചത്.