ഡമാസ്കസ്: വർഷങ്ങളായി ആഭ്യന്തര കലാപത്തിന്റെ പിടിയിലാണ് സിറിയ. വിമതരും സൈന്യവും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ സിറിയയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയാണ് വിദേശകാര്യ മന്ത്രാലയം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. സിറിയയിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. +963 993385973 എന്ന വാട്സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലോ ബന്ധപ്പെടാം. ലഭിക്കുന്ന വിമാനങ്ങളിൽ എത്രയും വേഗം രാജ്യത്ത് നിന്ന് പോകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
സിറിയയുടെ വടക്കൻ മേഖലയിൽ ആക്രമണം രൂക്ഷമാവുകയാണെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. യുഎൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ട്. അവരുടെ സുരക്യ്‌ക്കായി അവരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Travel advisory for Syria:https://t.co/bOnSP3tS03 pic.twitter.com/zg1AH7n6RB
— Randhir Jaiswal (@MEAIndia) December 6, 2024
സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് സർക്കാരിനെതിരെ, ടർക്കിഷ് സായുധസംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് സായുധ കലാപം നടക്കുന്നത്. ഒരാഴ്ചയ്‌ക്കിടെ രണ്ട് നഗരങ്ങളാണ് വിമതസംഘം പിടിച്ചെടുത്തത്. രണ്ടാമത്തെ വലിയ നഗരമായ അലെപ്പോ നഗരമാണ് ആദ്യം പിടിച്ചെടുത്തതെങ്കിൽ രണ്ടാമത് പിടിച്ചത് ഹമ നഗരമാണ്. നവംബർ 27 മുതൽ ഇതുവരെ 3.70 ലക്ഷം പേരെയെങ്കിലും മാറ്റിപ്പാർപ്പിച്ചു. വിമതസംഘത്തിന്റെ മിന്നലാക്രമണത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
2020-ന് ശേഷം സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. സിറിയ-തുർക്കി അതിർത്തിക്കടുത്തുള്ള ഇദ്ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറാൻ സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച്ടിഎസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്‌രീർ അൽ ഷാം.















