അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ 2-ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. ആഗോള ബോക്സോഫീസ് കളക്ഷനുകൾ പുറത്തുവരുമ്പോൾ 294 കോടിയാണ് പുഷ്പ-2 ആദ്യദിനം സ്വന്തമാക്കിയിരിക്കുന്നത്. 6.35 കോടിയാണ് കേരളത്തിൽ നേടിയത്. മമ്മൂട്ടി ചിത്രം ടർബോയെ മറികടക്കുന്നതാണ് പുഷ്പയുടെ ഈ നേട്ടം. കഴിഞ്ഞ അഞ്ചിന് തിയേറ്ററുകളിലെത്തിയ സിനിമ ഇതുവരെ 400 കോടി നേടി.
ഇന്ത്യയിൽ മാത്രം 265 കോടി നേടിക്കഴിഞ്ഞു. പുഷ്പരാജിന്റെ രണ്ടാം വരവിനെയും ആഘോഷമാക്കുകയാണ് ആരാധകർ. ആദ്യ ഷോ കഴിഞ്ഞപ്പോൾ ചിത്രം സമ്മിശ്രപ്രതികരണങ്ങൾ നേടിയാണ് മുന്നോട്ട് പോകുന്നതെങ്കിലും ബോക്‌സോഫീസ് കളക്ഷനിൽ കുതിപ്പ് തുടരുകയാണ്. ഇന്ത്യയിൽ മാത്രം ഇന്നലെ 90 കോടിയാണ് പുഷ്പ-2 നേടിയത്.
രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന്റെ കളക്ഷനേക്കാൾ മികച്ച ഓപ്പണിംഗായിരുന്നു പുഷ്പയുടേത്. ഷാരൂഖ് ഖാന്റെ ജവാനെ തകർത്ത് ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടുന്ന ചിത്രമായി പുഷ്പ മാറി. 72 കോടിയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വാരിയത്. തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്ന് ആദ്യദിനം 50 കോടി കടക്കുന്ന ആദ്യ ഇന്ത്യൻ സിനിമയെന്ന വിശേഷണവും പുഷ്പ- 2 നേടിക്കഴിഞ്ഞു.