തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കണ്ടത്. സംഭവത്തിൽ കസ്റ്റഡിയിലായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇന്ദുജയെ കാണാനും വീട്ടിൽ പോകാനുമൊന്നും അഭിജിത്തും അമ്മയും അനുവദിച്ചിരുന്നില്ലെന്ന് ബന്ധു ആരോപിച്ചു.
“കല്യാണം കഴിഞ്ഞ് നാല് മാസത്തിനിടെ രണ്ട് തവണ മാത്രമാണ് ഇന്ദുജ വീട്ടിലേക്ക് വന്നത്. മാനസികമായും ശാരീരികമായും പീഡനമാണെന്ന് വീട്ടിൽ വന്നപ്പോൾ ഇന്ദുജ പറഞ്ഞിരുന്നു. എന്താണ് കാരണമെന്ന് ചോദിച്ചാൽ വ്യക്തമായി ഒന്നും പറയില്ല. അവസാനമായി വന്നപ്പോൾ മുഖത്ത് മർദ്ദനമേറ്റതിന്റെ നീര് ഉണ്ടായിരുന്നു. മാനസികമായി ആകെ തളർന്ന നിലയിലാണ് വന്നത്. പക്ഷേ, എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ലെന്നും” ഇന്ദുജയുടെ പിതൃ സഹോദരൻ പറഞ്ഞു.
വനവാസി സമൂഹത്തിൽ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നില്ല. നാല് മാസം മുമ്പാണ് അഭിജിത്ത് ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയത്. പിന്നീട് ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നു. വിവാഹത്തിന് ശേഷം മകളുമായി സംസാരിക്കാനോ കാണാനോ അഭിജിത്തും വീട്ടുകാരും സമ്മതിച്ചിരുന്നില്ലെന്ന് ഇന്ദുജയുടെ പിതാവ് ശശിധരൻ പറഞ്ഞിരുന്നു.
ഇന്നലെ ഉച്ചയ്‌ക്കാണ് ഇന്ദുജയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.















