തല്ലി തലയുയർത്തി ഹെഡ്! കരുത്തുകാട്ടി സിറാജും ബുമ്രയും; അഡ്‌ലെയ്ഡില്‍ വിറച്ച് തുടങ്ങി ഇന്ത്യ

Published by
Janam Web Desk

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിം​ഗ്സ് അവസാനിപ്പിച്ചത് 157 റൺസിന്റെ ലീഡോടെ. ജസ്പ്രിത് ബുമ്ര-മുഹമ്മദ് സിറാജ് സഖ്യമാണ് ട്രാവിസ് ഹെഡ് നയിച്ച ബാറ്റിം​ഗ് നിരയെ തടഞ്ഞു നിർത്തിയത്. 87.3 ഓവറിൽ 337 റൺസിനാണ് അവർ പുറത്തായത്. 141 പന്തിൽ 140 റൺസടിച്ച ഹെഡ്ഡാണ് ഇന്ത്യയുടെ സമനില തെറ്റിച്ചത്. 4 സിക്സും 17 ബൗണ്ടറിയുമായി ഏകദിന ശൈലിയിലായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്.

മാർനസ് ലബുഷെയ്ൻ 64 റൺസെടുത്തുപ്പോൾ നതാന്‍ മക്‌സ്വീനി 39 റൺസുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഉസ്മാന ഖവാജയുടെ (13) വിക്കറ്റ് ആദ്യ ദിവസം വീണിരുന്നു. സ്റ്റീവൻ സ്മിത്ത് (2) വന്ന പാടെ മടങ്ങി. പിന്നീട് ലബുഷെയ്ൻ-ഹെഡ് സഖ്യമാണ് 65 റൺസ് കൂട്ടുകെട്ടുയർത്തി ഓസീസിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ലബുഷെയ്നിനെ നിതീഷ് കുമാർ റെഡ്ഡി വീഴ്‌ത്തിയപ്പോൾ മിച്ചൽ മാർഷിനെ(9) അശ്വിനും കൂടാരം കയറ്റി.

എന്നാൽ അലക്സ് ക്യാരിക്കൊപ്പം (15) ഹെഡ് 74 റൺസിന്റെ പാർട്ണർഷിപ്പ് ചേർത്ത് ഓസ്ട്രേലിയയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ ക്യാരിയെ വീഴ്‌ത്തി സിറാജ് ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ ഹെഡ്ഡിന്റെ കുറ്റിയും സിറാജ് തന്നെ പിഴുതു.

പാറ്റ് കമിൻസ്(12), മിച്ചൽ സ്റ്റാർക്ക് (18), ബോളണ്ട്(0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ബുമ്രയ്‌ക്കൊപ്പം സിറാജും നാലുവിക്കറ്റ് വീതം നേടി.മറുപടി ബാറ്റിം​ഗിൽ ഇന്ത്യയുടെ തുടക്കവും അത്ര നല്ലതായിരുന്നില്ല. ഏഴ് റൺസെടുത്ത രാഹുലിനെ കമിൻസ് മടക്കി. 24 റൺസുമായി നിലയുറപ്പിക്കുമെന്ന് കരുതിയ ജയ്സ്വാളിനെ ബോളണ്ടും വീഴ്‌ത്തി. നിലവിൽ ഇന്ത്യ 57/2 എന്ന നിലയിലാണ്. ഇപ്പോഴും 100 റൺസ് പിന്നിലാണ്. 18 റൺസെടുത്ത ഗില്ലും അഞ്ചു റൺസുമായി കോലിയുമാണ് ക്രീസിൽ.

 

Share
Leave a Comment