കറാച്ചി: ഇന്ത്യക്കാരനായ യൂട്യൂബർ സമയ് റെയ്‌നയുടെ ‘ഇന്ത്യ ഗോട്ട് ലേറ്റന്റ്’നെ അനുകരിച്ച് പാകിസ്താനിൽ ആരംഭിച്ച ടാലന്റ് ഷോയ്‌ക്കെതിരെ വ്യാപക വിമർശനം. പാകിസ്താൻ ഗോട്ട് ടാലന്റ് എന്ന് പേരിട്ടിരിക്കുന്ന ഷോയ്‌ക്കിടെ വിധികർത്താക്കളിൽ ഒരാളുടെ ഓൺ-എയർ കമന്റാണ് വിവാദമായി മാറിയത്. പ്രതിഭകൾക്ക് തങ്ങളുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന പരിപാടിയാണിത്.
സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പാണ് വിവാദങ്ങൾക്ക് ആധാരം. തന്റെ പ്രകടനത്തിനുള്ള സമ്മാനത്തുക ആവശ്യപ്പെടുന്ന മത്സരാർത്ഥിയോട് അത്തരം ചോദ്യങ്ങൾ അനാവശ്യമാണെന്ന തരത്തിൽ വിധികർത്താക്കളിൽ ഒരാൾ പ്രതികരിച്ചു. സമ്മാനത്തുകയെപ്പറ്റി തങ്ങൾ ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മത്സരാർത്ഥി വിട്ടുകൊടുക്കാൻ തയാറായില്ല. നിങ്ങൾക്ക് സമയ് റെയ്‌നയുടെ ഷോ കോപ്പിയടിക്കാൻ അറിയാമെങ്കിൽ പിന്നെ എന്തുകൊണ്ട് അതിലെ സമ്മാനത്തുക നൽകാനാകുന്നില്ലെന്ന് യുവാവ് ചോദിച്ചു.
ഇന്ത്യയുടെ സമ്പദ്ഘടന നോക്ക് നമ്മുടേതുമായി എങ്ങനെ താരതമ്യം ചെയ്യാനാകുമെന്നായിരുന്നു വിധികർത്താവ് നൽകിയ ഉത്തരം. എക്‌സിൽ പങ്കുവച്ച വീഡിയോക്ക് താഴെ നിരവധിപേർ മത്സരാർത്ഥിക്ക് പിന്തുണയുമായെത്തി. പലരും വിധികർത്താവിന്റെ മറുപടിയെ വിമർശിച്ചു. എന്തുതന്നെയായാലും സ്വന്തം രാജ്യത്തെ തന്നെ ചെറുതാക്കി കാട്ടിയ വിധികർത്താവിന്റെ പരാമർശത്തിൽ പാകിസ്താനികൾ ഒട്ടും തൃപ്തരല്ല. യാഥാർഥ്യം എന്തുതന്നെ ആയാലും വിധികർത്താവിന്റെ മറുപടി അനുചിതമായിപോയെന്നാണ് ചിലരുടെ വാദം.