ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂമിന്റെ അംഗീകൃത ജീവചരിത്രം പുറത്തിറങ്ങി. “ടു ബി ദ ഫസ്റ്റ്” എന്ന പേരിൽ ബ്രിട്ടിഷ് ചരിത്രകാരൻ ഗ്രെയം വിൽസൺ എഴുതിയ പുസ്തകത്തിൽ ഷെയ്ഖ് മുഹമ്മദിന്റെ ഇതുവരെ കേൾക്കാത്ത കഥകളും കാണാത്ത ചിത്രങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
യുഎഇയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ജനപ്രിയ ഭരണാധികാരികളിലൊരാളാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആധുനിക ദുബായിയുടെ പിതാവെന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.
ഗ്രെയം വിൽസൺ എഴുതിയ “ടു ബി ദ ഫസ്റ്റ്” എന്ന പുസ്തകത്തിൽ ദുബായ് എന്ന വിസ്മയത്തെ കെട്ടിപ്പടുത്ത അസാധാരണ നേതാവിന്റെയും അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന ഉൾക്കാഴ്ചകളുമാണ് വിവരിക്കുന്നത്.
ഗ്രെയം വിൽസൺ 34 വർഷമായി യുഎഇയിൽ താമസിച്ചാണ് പുസ്തകത്തിന്റെ രചന നിർവ്വഹിച്ചത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രി, ദുബായ് ഭരണാധികാരി , യുഎഇ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നീ നിലകളിലുള്ള ഷെയ്ഖ് മുഹമ്മദിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.