ഡെറാഡൂൺ: ഉഖിമഠ് ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ചാർധാം യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായാണ് പുഷ്കർ സിംഗ് ധാമി ക്ഷേത്രദർശനം നടത്തിയത്.
ചാർധാം യാത്ര മംഗളകരമായി നടക്കുന്നതിന് വേണ്ടി പ്രാർത്ഥിച്ചുവെന്ന് ക്ഷേത്രദർശനത്തിന് ശേഷം പുഷ്കർ സിംഗ് ധാമി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചാർധാം യാത്രയ്‌ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും വിപുലമായി നടക്കുകയാണ്. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കും. സംസ്ഥാന സർക്കാരിന് സാധ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തും. ചാർധാം യാത്രയിൽ പങ്കെടുത്ത് ദൈവീക ചൈതന്യം അനുഭവിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നുവെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു.
ചാർധാം യാത്രയിൽ ശ്രദ്ധിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർക്ക്
നിർദേശം നൽകിയിട്ടുണ്ട്. ചാർധാം യാത്രയുടെ തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. തീർത്ഥാടകരുടെ സുരക്ഷയ്‌ക്കായി ഇത്തവണ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓംകാരേശ്വർ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിക്ക് ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് ശംഖ് സമ്മാനിച്ചു. ചാർധാം യാത്രയുടെ ഭാഗമായി വരും ദിവസങ്ങളിൽ ഉന്നതതല യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു.















