ദമാസ്കസ്: തലസ്ഥാന നഗരമായ ദമാസ്കസ് വിമതർ കയ്യടക്കിയതോടെ സിറിയയിൽ നിന്ന് മുങ്ങിയിരിക്കുകയാണ് പ്രസിഡന്റ് ബഷർ അൽ അസദ്. ഇതോടെ പ്രസിഡന്റിന്റെ കൊട്ടാരം പ്രതിപക്ഷ പാർട്ടിപ്രവർത്തകരും വിമതരും ചേർന്ന് തൂത്തുവാരി. ദശാബ്ദങ്ങൾ നീണ്ട അൽ-അസദ് കുടുംബവാഴ്ചയ്‌ക്ക് അന്ത്യം കുറിച്ചതിന്റെ ആഹ്ളാദം പ്രസിഡന്റിന്റെ വസതി കൊള്ളയടിച്ചും നഗരത്തിൽ പടക്കം പൊട്ടിച്ചുമാണ് വിമതർ ആഘോഷിച്ചത്.
ബഷർ അൽ അസദ് സിറിയ വിട്ടതോടെ ദമാസ്കസിലെ പ്രസിഡൻഷ്യൽ പാലസിലെ റിസപ്ഷൻ ഹാൾ വിമതർ കത്തിച്ചു. ജയിലിലെ തടവുകാർ എല്ലാവരും സ്വതന്ത്രരായി. കൊട്ടാരത്തിലേക്ക് ഇരച്ചെത്തിയ വിമതർ അൽ-അസദ് കുടുംബത്തിന്റെ ചിത്രങ്ങളെല്ലാം ചുവരുകളിൽ നിന്നെടുത്ത് വലിച്ചിട്ടു. പാലസിലെ വിലപിടിപ്പുള്ള വസ്തുക്കൾ ചാക്കിലാക്കുന്ന വിമതരെയും വീഡിയോയിൽ കാണാം. പ്രസിഡന്റ് വിമാനത്തിൽ കയറി രക്ഷപ്പെട്ടെന്ന് റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല.
ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് താഹിർ അൽ-ഷാം (HTS) രണ്ടാഴ്ച മുൻപായിരുന്നു അസദ് ഭരണത്തിനെതിരെ ടെലഗ്രാമിലൂടെ ക്യാമ്പയിൻ ആരംഭിച്ചത്. സിറിയയ്‌ക്ക് പുതിയ യുഗം രചിക്കാൻ പോരാടണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രാജ്യത്തെ വിമതരെ കൂട്ടുപിടിച്ച് HTS നടത്തിയ ആക്രമണം വിജയം കാണുകയും ദമാസ്കസ് പിടിച്ചെടുക്കുകയുമായികുന്നു. 50 വർഷം നീണ്ട കുടുംബവാഴ്ചയ്‌ക്ക് അന്ത്യം കുറിച്ചെന്നാണ് വിമതർ അവകാശപ്പെട്ടത്. ആഗോള ഭീകരസംഘടനയായി കണക്കാക്കുന്ന HTS നടത്തിയ നീക്കങ്ങൾ സിറിയയുടെ ഭാവി വീണ്ടും തുലാസിലാക്കിയേക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്.
ദമാസ്കസിൽ നിന്ന് സൈന്യം പിൻവാങ്ങിയതോടെയാണ് പ്രസിഡന്റ് ബഷർ അൽ അസദ് സിറിയ വിട്ടതെന്നാണ് വിവരം. അസദ് ഭരണകൂടത്തിന്റെ തകർച്ച റഷ്യക്കും ഇറാനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം അട്ടിമറിക്ക് പിന്നിൽ പാശ്ചാത്യരാജ്യങ്ങളാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.