പ്രയാഗ്‌രാജ്: മഹാകുംഭ മേളയിൽ ഭക്തരുടെ സൗകര്യാർത്ഥം13,000 ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 3,000 സ്പെഷ്യൽ ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. കുംഭ മേളയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ വാരാണസിയിൽ നിന്നും ട്രെയിൻ മാർഗം കേന്ദ്രമന്ത്രി പ്രയാഗ്‌രാജിൽ എത്തിയിരുന്നു. മേളയുമായി ബന്ധപ്പെട്ട് ഏകദേശം 1.5 മുതൽ 2 കോടിവരെ ഭക്തർ ട്രെയിൻ മാർഗം ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ജനുവരി 13-ന് പൗഷപൂർണിമ ദിനത്തിൽ ആരംഭിക്കുന്ന കുംഭമേള മഹാ ശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് സമാപിക്കും. പ്രയാഗ്‌രാജിലെ നോർത്ത് ഈസ്റ്റ് റെയിൽവേ, നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ എന്നിവയുടെ കീഴിലുള്ള നിരവധി സ്റ്റേഷനുകൾ കേന്ദ്രമന്ത്രി സന്ദർശിച്ചു. “തീവണ്ടികൾ വരുന്നതുവരെ ഭക്തർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഷനുകളിലെ ഹോൾഡിംഗ് ഏരിയകൾ വളരെ മികച്ചതാണ്. ഹോൾഡിംഗ് ഏരിയകളിലും ടിക്കറ്റുകളിലും കളർ കോഡിംഗ് ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ ഭക്തർക്ക് ആശയക്കുഴപ്പമുണ്ടാകില്ല” സ്റ്റേഷനുകൾ സന്ദർശിച്ച ശേഷം അശ്വിനി വൈഷ്ണവ് പറഞ്ഞു.
മൊബൈൽ യുടിഎസ് (അൺ റിസർവ്ഡ് ടിക്കറ്റ് സിസ്റ്റം) പ്രയാഗ്‌രാജിൽ ആദ്യമായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു പ്രയാഗ്‌രാജിലെ വിവിധ സ്റ്റേഷനുകളിലായി 48 പ്ലാറ്റ്‌ഫോമുകൾ കൂടാതെ 23-ലധികം ഹോൾഡിംഗ് ഏരിയകൾ നിർമ്മിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ 5,000 കോടിയിലധികം രൂപയാണ് മഹാ കുംഭത്തിനുള്ള ഒരുക്കങ്ങൾക്കായി ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.