ദമാസ്കസ്: സിറിയൻ സർക്കാരിനെ പുറത്താക്കി സായുധപോരാട്ടത്തിലൂടെ ഭരണം പിടിച്ച ഹയാത്ത് താഹിർ അൽ-ഷാം (HTS) മേധാവി അബു മുഹമ്മദ് അൽ-ഗൊലാനി രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസിഡൻ്റ് ബാഷർ അൽ-അസദ് രാജ്യം വിട്ട് ഒളിച്ചോടിയതിന് പിന്നാലെയാണ് HTS നേതാവിന്റെ പ്രതികരണം. അൽ-അദസ് ഭരണത്തിന് അന്ത്യം കുറിക്കാൻ സാധിച്ചത് ഇസ്ലാമിക രാജ്യത്തിന്റെ വിജയമാണെന്നായിരുന്നു ഗൊലാനിയുടെ വാക്കുകൾ. അള്ളാഹു അക്ബർ മുഴക്കിയാണ് സിറിയൻ ജനതയെ ഗൊലാനി അഭിസംബോധന ചെയ്തത്. ഇറാന്റെ അതിമോഹങ്ങളും അത്യാഗ്രഹങ്ങളും വിളവെടുക്കുന്നതിന് സിറിയയെ കൃഷിയിടമാക്കി മാറ്റിയത് അസദ് കുടുംബത്തിന്റെ ഭരണമായിരുന്നുവെന്നും അൽ-ഗൊലാനി പ്രതികരിച്ചു.
ദമാസ്‌കസ് പിടിച്ചെടുക്കുന്നതിലേക്ക് നയിച്ച മിന്നൽ വിമത ആക്രമണത്തിന് നേതൃത്വം നൽകിയത് എച്ച്‌ടിഎസ് നേതാവ് അൽ-ഗൊലാനി ആയിരുന്നു. രണ്ടാഴ്ച മുൻപ് ടെലഗ്രാം ചാനലിലൂടെ ആഹ്വാനം ചെയ്ത ക്യാമ്പയിന് പിന്നാലെയാണ് രാജ്യത്തെ ഭരണം അട്ടിമറിക്കാൻ HTSന് കഴിഞ്ഞത്. ഇതോടെ ദശാബ്ദങ്ങൾ നീണ്ട കുടുംബഭരണത്തിന് സിറിയയിൽ അന്ത്യമായി. ബാഷർ അൽ-അസദ് 2000ത്തിലാണ് അധികാരത്തിൽ വന്നത്. ഹഫീസ് അൽ-അസദ് ആയിരുന്നു പിതാവ്. ഇയാളുടെ പിൻഗാമിയായി ചുമതലയേൽക്കുകയായിരുന്നു ബാഷർ അൽ-അസദ്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ബാഷറിനും സിറിയൻ ജനതയുടെ ജനപ്രീതി ഏറ്റുവാങ്ങാൻ കഴിഞ്ഞില്ല. ഇതോടെ രാജ്യത്ത് വിമതരുടെ ശക്തി വർദ്ധിച്ചു.
മുൻകാലങ്ങളിൽ അൽ-നുസ്‌റ ഫ്രണ്ട് എന്ന് അറിയപ്പെട്ടിരുന്ന തീവ്രവാദ ഗ്രൂപ്പാണ് ഇന്ന് ഭരണം പിടിച്ച വിമതസംഘടനയായ ഹയാത്ത് താഹിർ അൽ-ഷാം. നേരത്തെ അൽ-ഖ്വയ്ദയുമായി ഒത്തുചേർന്ന് പ്രവർത്തിച്ചിട്ടുള്ള ഭീകരസംഘടനയായിരുന്നു ഇത്. കുടുംബാധിപത്യത്തിൽ നിന്ന് ഭീകരസംഘടനയുടെ കൈകളിലേക്ക് സിറിയ എത്തുമ്പോൾ ജനജീവിതം വീണ്ടും തുലാസിലാകുമോയെന്നാണ് ലോകത്തിന്റെ ആശങ്ക.















