ടെൽഅവീവ്: തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഭീകര സംഘടനയുടെ ആയുധ സംഭരണ കേന്ദ്രത്തിൽ ആക്രമണം നടത്തി ഇസ്രായേൽ പ്രതിരോധ സേന. ഇസ്രായേലിനെതിരെ ഭീകരർ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഭീകരർ ഇസ്രായേലിനെതിരെ ആക്രമണത്തിന് തയ്യാറെടുത്തത്.
ഭീകരർ ഏതാനും ദിവസങ്ങളായി ഐഡിഎഫിനും ഇസ്രായേലിനെ ജനങ്ങൾക്കുമെതിരെ ഗൂഢാലോചനകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിച്ചതായി ഐഡിഎഫ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. രാജ്യത്തിനെതിരായ ഭീഷണികളെ ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും, മേഖലയിലെ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകിയതായും ഐഡിഎഫ് അറിയിച്ചു.
യുഎസ്-ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പദ്ധതിപ്രകാരമാണ് ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടത്. ഇത് പ്രകാരം ലെബനൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ ഇസ്രായേൽ പിൻവലിച്ചിരുന്നു. എന്നാൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക, ആയുധ സംഭരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വെടിനിർത്തൽ കരാറിലേർപ്പെട്ടതെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു.