മുംബൈ: പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഝാർഖണ്ഡ് സ്വദേശിയായ മിർസ മുഹമ്മദ് (36) ആണ് പിടിയിലായത്. ഇയാളെ രാജസ്ഥാനിലെ അജ്മീറിൽ നിന്നും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.
ഭീഷണി സന്ദേശമെത്തിയത് അജ്മീറിൽ നിന്നാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മുംബൈയിൽ നിന്നും ഒരു സംഘം പൊലീസുകാർ അജ്മീറിലെത്തുകയും മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിർസയെ പിടികൂടുകയുമായിരുന്നു.
മദ്യപിച്ച് ജോലി സ്ഥലത്തെത്തി ബഹളം വച്ചതിനെ തുടർന്ന് ഇയാളെ ജോലി സ്ഥലത്ത് നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ വ്യാജ സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. മുംബൈ പൊലീസിനും ഝാർഖണ്ഡ് പൊലീസിനും ഇയാൾ ഭീഷണി സന്ദേശമയച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഐഎസ്‌ഐ ഭീകരർ പദ്ധതിയിടുന്നെന്ന ഭീഷണി സന്ദേശം മുംബൈ പൊലീസിന്റെ ഹെൽപ്പ്‌ലൈൻ വാട്‌സ്ആപ്പ് നമ്പറിലേക്കെത്തിയത്. സ്‌ഫോടനം നടത്തി പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്നും സന്ദേശത്തിൽ പറയുന്നു. രണ്ട് ഐഎസ്‌ഐ ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും സന്ദേശത്തിൽ കുറിച്ചിരുന്നു.















