സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് പതനം കുറിച്ച വിമത മുന്നേറ്റത്തിന്റെ നേതാവ്. അബു മുഹമ്മദ് അൽ ജുലാനിയെന്ന 42കാരനാണ് ഇന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. അഹമ്മദ് അൽ-ഷറ എന്നാണ് ജുലാനിയുടെ യഥാർത്ഥ പേര്. സിറിയയിൽ ഭരണകൂടം വീണതിന് ശേഷം ജുലാനി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും അസദിന്റെ വീഴ്‌ച്ചയിൽ നിർണായക പങ്ക് വഹിച്ചത് ജുലാനിയുടെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽശാം ആണ്.
വിമതർ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ അസദ് സിറിയയിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. അസദ് കുടുംബത്തിന്റെ 50 വർഷം നീണ്ട ഭരണത്തിനും ബാഷർ അൽ അസദിന്റെ 24 വർഷം നീണ്ട പ്രസിഡന്റ് സ്ഥാനത്തിനുമാണ് ഇതോടെ അവസാനമായത്. അമേരിക്കയുടെ ഭീകരപ്പട്ടികയിലുള്ളയാണ് ജുലാനി. ഇറാഖിൽ യിഎസ് പട്ടാളത്തിന്റെ പിടിയിലായ ജുലാനി 2008ലാണ് മോചിതനാകുന്നത്. പിന്നീട് സിറിയയിൽ 2011ൽ വിമത മുന്നേറ്റത്തിന് വഴിയൊരുങ്ങിയപ്പോളാണ് ജുലാനി വീണ്ടും സിറിയയിലേക്ക് എത്തുന്നത്. അൽ ഖ്വായ്ദയുടെ സിറിയൻ ഉപസംഘടനയായ ജബ്ഹത്ത് അൽ നുസ്രയ്‌ക്ക് രാജ്യത്ത് വലിയ രീതിയിൽ പ്രചാരം കൊടുത്തത് ജുലാനിയുടെ നേതൃത്വത്തിലാണ്. ഭീകരവാദ പ്രവർത്തനങ്ങൾ ശക്തി പ്രാപിച്ചതോടെ അൽ നുസ്‌റയെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പിന്നാലെയാണ് ജുലാനിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
2016ലാണ് ജുലാനി തന്റെ മുഖംമൂടി മാറ്റിയ ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. അൽഖ്വായ്ദയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും, അൽ നുസ്‌റ പിരിച്ചുവിടുകയാണെന്നുമായിരുന്നു പ്രഖ്യാപനം. സിറിയ കോൺക്വസ്റ്റ് ഫ്രണ്ട് എന്ന പേരിൽ പുതിയ സംഘടനയ്‌ക്ക് തുടക്കമിടുന്നതായും ജുലാനി പ്രഖ്യാപിച്ചു. അതിന് ശേഷം സംഘടനയുടെ പേര് ഹയാത്ത് തഹ്രീർ അൽശാം എന്നാക്കി മാറ്റി. തന്റെ സംഘടന ഒരിക്കലും അൽ ഖ്വായ്ദയുടേയും ഐഎസിന്റേയും ലക്ഷ്യങ്ങൾ പിന്തുടരുന്നില്ലെന്നും പല വേദികളിലും ജുലാനി പ്രഖ്യാപിച്ചു. സിറിയയുടെ മോചനമാണ് തങ്ങളുടെ ലക്ഷ്യമെന്നും പടിഞ്ഞാറൻ രാജ്യങ്ങൾക്ക് തങ്ങൾ ഒരു രീതിയിലും ഭീഷണിയല്ലെന്നും 2021ൽ ജുലാനി തുറന്നുപറഞ്ഞു. അവരുടെ ആശയങ്ങളെ എതിർത്തിട്ടുണ്ടെങ്കിലും അതിനൊരിക്കലും യുദ്ധത്തിന്റെ ഭാഷയല്ലെന്നും ജുലാനി പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങൾ അടക്കം എല്ലാവരേയും ഉൾക്കൊള്ളുന്നതായിരിക്കും പുതിയ സിറിയയെന്നും ജുലാനി പ്രഖ്യാപിച്ചിട്ടുണ്ട്.















