കോട്ടയം: യാത്രക്കിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. കോട്ടയം ചങ്ങാനശ്ശേരിക്ക് സമീപം കുരിശുമൂട് ജംഗ്ഷനിലാണ് അപകടം നടന്നത്. ബസിന്റെ മുൻവശം പൂർണമായി തകർന്നു. വാഹനമോടിച്ച വെള്ളാവൂർ സ്വദേശി പ്രദീപിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ആറരയോടെയാണ് അപകടമുണ്ടായത്. റോഡിൽ തിരക്കില്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ മൂന്ന് പേർക്ക് നിസാര പരിക്ക് സംഭവിച്ചിട്ടുണ്ട്. ഇവരെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപിന് ഹൃദയസംബന്ധമായ രോഗങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.















