കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ സ്‌ഫോടനം. വീടിനുള്ളിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്.
ഉഗ്രശബ്ദം കേട്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചതായി അധികൃതർ അറിയിച്ചു. നാടൻ ബോംബുകൾ എന്തിന് വേണ്ടിയാണ് നിർമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.