ആലപ്പുഴ: നിര്‍ദ്ധന കുടുംബത്തോട് കെഎസ്ഇബിയുടെ ക്രൂരത. വൈദ്യുതി കുടിശികയുടെ പേരിൽ കണക്ഷന്‍ വിച്ഛേദിച്ചു. കോടംതുരുത്ത് പഞ്ചായത്തിലെ 15ാം വാര്‍ഡ് കൊച്ചുതറ വീട്ടില്‍ ബിന്ദുവിന്റെ കണക്ഷനാണ് കുത്തിയതോട് കെഎസ്ഇബി വിച്ഛേദിച്ചത്. കൂടാതെ മീറ്ററും ഉദ്യോഗസ്ഥര്‍ അഴിച്ചു കൊണ്ടു പോയി.
പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിമറച്ച വീട്ടിലാണ് അമ്മയും മക്കളും താമസിക്കുന്നത്. കൂലിവേല ചെയ്താണ് ബിന്ദു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്ലസ് വണ്ണിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട് ബിന്ദുവിന്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന കുടുംബത്തിന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ വൈദ്യുതി ബിൽ അടയ്‌ക്കാൻ സാധിച്ചില്ല . അയല്‍ക്കൂട്ടങ്ങളില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശികയായ 2057 രൂപ അടക്കാൻ ചെന്നപ്പോള്‍ പണം സ്വീകരിക്കില്ലെന്ന് നിലപാടാണ് അധികൃതർ സ്വീകരിച്ചത്.
വിഷയത്തിൽ കളക്ടര്‍ക്ക് അടക്കം ബിന്ദു നിവേദനം നല്‍കിരുന്നു. പ്രശ്നത്തിൽ ഇടപെട്ട കളക്ടര്‍ വൈദ്യുതി പുനസ്ഥാപിക്കാൻ നിര്‍ദ്ദേശം നല്‍കി. എന്നാൽ പുതിയ കണക്ഷന്‍ എടുക്കണമെന്ന എന്ന വാശിയിലാണ് കെഎസ്ഇബി അധികൃതര്‍. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപയാണ് വൈദ്യുതി ബില്ലിനത്തിൽ കെഎസ്ഇബിക്ക് നൽകാനുള്ളത്. എന്നാൽ ഇവരുടെ വൈദ്യുതിയിൽ തൊട്ടുകളിക്കാൻ അധികൃതർക്ക് ഭയമാണ്. ഇതിനിടെയാണ് നിര്‍ദ്ധന കുടുംബത്തോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം.