തൃശൂർ: പുതുക്കാടിൽ യുവതിക്ക് കുത്തേറ്റു. കൊട്ടേക്കാട് സ്വദേശി ബബിത (28)യ്‌ക്കാണ് കുത്തേറ്റത്. മുൻ ഭർത്താവും കേച്ചേരി സ്വദേശിയുമായ ലസ്റ്റിനാണ് ബബിതയെ കുത്തി പരിക്കേൽപ്പിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു ആക്രമണം.
പുതുക്കാട് സെന്ററിലൂടെ പോകുകയായിരുന്ന ബബിതയെ, മുൻ ഭർത്താവ് തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ പ്രകോപിതനായ ഇയാൾ ബബിതയെ കത്തി ഉപയോഗിച്ച് കുത്തി. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് യുവതിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും തൃശൂർ സ്വകാര്യ ആശുപത്രിയിലേക്കും യുവതിയെ മാറ്റി.
9 ഓളം കുത്ത് ബബിതയ്‌ക്ക് ഏറ്റിട്ടുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വർഷം മുൻപാണ് ലസ്റ്റിനുമായി ബന്ധം യുവതി പിരിഞ്ഞത്. എന്നാൽ നിയമപരമായി ബന്ധം വേർപ്പെടുത്തിയിരുന്നില്ല.
ലസ്റ്റിനുമായി വേർപിരിഞ്ഞ യുവതി മറ്റൊരാൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ലസ്റ്റിനും യുവതിയും നിരന്തരം തർക്കിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ പ്രകോപനമായിരിക്കാം കുത്തിപ്പരിക്കേൽപ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് ശേഷം പ്രതി സ്വയം പൊലീസിൽ കീഴടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.















