വിവാഹചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരം നാഗചൈതന്യ. ഇൻസ്റ്റഗ്രാമിലൂടെയാണ് നാഗചൈതന്യ ചിത്രങ്ങൾ പങ്കുവച്ചത്. ‘
മാംഗല്യം തന്തുനാനേന, മമജീവന ഹേതുനാ’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. പരമ്പരാഗത ചടങ്ങളോടെയാണ് ശോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹം നടന്നത്.

എല്ലാ ചടങ്ങുകളുടെയും ചിത്രങ്ങൾ നാഗചൈതന്യ പങ്കുവച്ചിട്ടുണ്ട്. എല്ലാ ചടങ്ങുകളിലും ശോഭിത പട്ടുസാരിയും നാഗചൈതന്യ കുർത്തയും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.

നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റ് ബോക്സിൽ എത്തുന്നത്. ശോഭിതയും വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഈ മാസം നാലിന് ഹൈദരബാദിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ചടങ്ങുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് ശോഭിതയായിരുന്നു.

താരത്തിന്റെ സാരികളും ആഭരണങ്ങളുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ തൃഷയും ഐശ്വര്യ റായിയും അണിഞ്ഞ അതേ മോഡലിലുള്ള ആഭരണങ്ങളാണ് ശോഭിത വിവാഹത്തിന് അണിഞ്ഞത്.

മോഡലായ ശോഭിത, തന്റെ കല്യാണ പുടവയിലും ആഭരണങ്ങളിലുമെല്ലൊം അതിന്റെ സ്വാധീനം കൊണ്ടുവന്നിരുന്നു.

വിവാഹത്തിന് ശേഷം എല്ലാവർക്കും നന്ദി അറിയിച്ച് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന ഒരു പോസ്റ്റ് പങ്കിട്ടിരുന്നു.

തങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് മാദ്ധ്യമങ്ങളോടും വിവാഹത്തിൽ പങ്കെടുത്ത് നവദമ്പതികളെ അനുഗ്രഹിച്ചതിന് ആരാധകരോടും നന്ദി അറിയിക്കുന്നതായി നാഗാർജുന വ്യക്തമാക്കിയിരുന്നു.
















