ന്യൂഡൽഹി: സംവരണം മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. പശ്ചിമ ബംഗാളിൽ 2010 മുതൽ നിരവധി ജാതികൾക്കുള്ള ഒബിസി പദവി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി ആർ ഗവായ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
പൊതുമേഖലാ ജോലികളിലും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2010 മുതൽ പശ്ചിമ ബംഗാളിൽ നിരവധി ജാതികൾക്ക് അനുവദിച്ച ഒബിസി പദവി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സമുദായങ്ങളെ ഒബിസിയായി പ്രഖ്യാപിച്ചതിന് സർക്കാർ സ്വീകരിച്ച ഏക മാനദണ്ഡം മതം മാത്രമാണോയെന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു.
മെയ് 22 ലെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ടു. സംവരണം മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാനാവില്ലെന്ന് ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു. എന്നാൽ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഒബിസി പദവി നൽകിയതെന്നായിരുന്നു ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. കേസിൽ കൂടുതൽ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട കോടതി ഹർജിയിൽ ജനുവരി ഏഴിന് വിശദമായ വാദം കേൾക്കുമെന്ന് അറിയിച്ചു.