ന്യൂഡൽഹി: പാർലമെൻ്റ് സമുച്ചയത്തിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. രാഹുലിനെ കോമഡി കിംഗെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി എല്ലായ്‌പ്പോഴും പ്രതിഷേധങ്ങൾ സൃഷ്ടിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് കോൺഗ്രസ് നേതാവിന്റേതെന്നും വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വ്യവസായി ഗൗതം അദാനിയുടെയും മുഖംമൂടി ധരിച്ച ഇൻഡി ബ്ലോക്ക് നേതാക്കൾ പാർലമെൻ്റ് സമുച്ചയത്തിൽ പ്രതിഷേധിച്ചിരുന്നു. ഇതിനെ പരിഹസിച്ച് എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് കേന്ദ്രമന്ത്രി രാഹുലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
” രാഹുൽ ഗാന്ധി താൻ ഏറ്റവും നന്നായി ചെയ്യുന്ന കാര്യത്തിൽ മുഴുകുകയാണ്-സ്റ്റാൻഡ് അപ്പ് കോമഡി. ഓരോ തവണയും കോൺഗ്രസ് നേതാവ് ഉന്നയിക്കുന്ന ദുരുദ്ദേശം നിറഞ്ഞ അവകാശ വാദങ്ങളും തർക്കങ്ങളും സമഗ്രമായ അന്വേഷണത്തിൽ തകർന്നടിയുന്നു. വീണ്ടും ഒരു പാവയുടെ വേഷം നന്നായി അഭിനയിക്കുകയാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫലമായ ശ്രമമാണിത്. അദ്ദേഹത്തിന്റെ പഴഞ്ചനായ പ്രചരണങ്ങൾ ജനങ്ങൾ ആരും ഏറ്റെടുക്കുന്നില്ല. 2014 മുതലുള്ള തിരഞ്ഞെടുപ്പ് വിധികൾ അതിന്റെ സാക്ഷ്യമാണ്,” ധർമേന്ദ്ര പ്രധാൻ കുറിച്ചു.
രാഹുലിനെ വിമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തുവന്നു. തമാശ ചെയ്ത് പൊതുപണം പാഴാക്കുന്നതിന് പകരം, എന്തുകൊണ്ടാണ് ആളുകൾ ‘ബാലക് ബുദ്ധി’ ഗൗരവമായി എടുക്കാത്തതെന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പരിഹസിച്ചു. റോബർട്ട് വാദ്ര, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരെ ഗൗതം അദാനി കണ്ടതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.