ന്യൂഡൽഹി: ജോർജ് സൊറോസിനെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച് ശശി തരൂർ എംപി പങ്കുവച്ച പഴയ ട്വീറ്റുകളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിന് ജോർജ് സൊറോസുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും, ഇന്ത്യയെ ഇനിയും കബളിപ്പിക്കാനാകില്ലെന്നും കിരൺ റിജിജു ശശി തരൂരിനെതിരെ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
” ഇന്ത്യയെ ഇനിയും കബളിപ്പിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ അവഗണിക്കുവാനോ കഴിയില്ല. ഇന്ത്യയെ ഒരു ഭിക്ഷാടനത്തിന്റെ കേന്ദ്രമായി കരുതുന്നവരോട് സഹതാപം മാത്രം. കാലം മാറിയെന്നും” കിരൺ റിജിജുവിന്റെ പോസ്റ്റിൽ പറയുന്നു. 2009 മെയ് 26നാണ് ജോർജ് സൊറോസ് അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ശശി തരൂർ പങ്കുവച്ചത്.
ജോർജ് സൊറോസും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തിൽ വിമർശനം കടുക്കുന്നതിനിടെ ബിജെപിക്കെതിരെ വിമർശനവുമായി ശശി തരൂർ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെയും നയതന്ത്രരംഗത്തേയും തകർക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത് എന്നായിരുന്നു ശശി തരൂരിന്റെ ആരോപണം. ബിജെപിയുടെ സമീപനം ഇന്ത്യയ്‌ക്ക് നാണക്കേടാണെന്നും വിദേശസഖ്യകക്ഷികളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്തുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നുമാണ് ശശി തരൂർ ആരോപിച്ചത്. പിന്നാലെയാണ് ശശി തരൂരിനെതിരെ കിരൺ റിജിജു വിമർശനം ഉന്നയിച്ചത്.
ജോർജ് സൊറോസിന്റെ ശമ്പളം പറ്റുന്നയാളെ പോലെ ശശി തരൂർ പെരുമാറരുതെന്ന് കിരൺ റിജിജു പറഞ്ഞു. വ്യക്തപരമോ രാഷ്‌ട്രീയമോ ആയ താത്പര്യങ്ങൾക്കുപരി രാജ്യത്തിന്റെ താത്പര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടതെന്നും കിരൺ റിജിജു പറയുന്നു. വിദേശശക്തികളുമായി ചേർന്ന് സ്വന്തം രാജ്യത്തെ നാണംകെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും കിരൺ റിജിജു വ്യക്തമാക്കി.
Leave a Comment