കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴി തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ കോടതിയലക്ഷ്യ നടപടി അനിവാര്യമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ സംഭവമാണ് നടന്നത്. വിഷയത്തിൽ സ്വമേധയാ കേസെടുക്കുന്ന കാര്യം ആലോചിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി പാടില്ലെന്നാണ് ഹൈക്കോടതി 2023ൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്. കഴിഞ്ഞദിവസം കൊച്ചി കോർപ്പറേഷനു മുന്നിലും നടപ്പാത തടഞ്ഞ് കസേരയിട്ട് പരിപാടി നടത്തിയെന്നും ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്ത് തിരക്കുള്ള റോഡിൽ പാതയോരം കെട്ടിയടച്ച് സിപിഎമ്മിന്റെ ഏരിയ സമ്മേളനം സംഘടിപ്പിച്ചത്. വഞ്ചിയൂർ കോടതിയുടേയും പൊലീസ് സ്റ്റേഷന്റെയും മുൻപിലായിരുന്നു സംഭവം. ഇതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയെത്തി. വിഷയം പരിഗണിച്ച കോടതി, ഇത്തരത്തിൽ റോഡ് അടച്ച് സമ്മേളനം നടത്താൻ ആരാണ് അനുമതി നൽകിയതെന്ന് ആരാഞ്ഞു. യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.















