കോട്ടയം; നിയന്ത്രണം തെറ്റിയ ബുള്ളറ്റ് വൈദ്യുത തൂണിലേക്ക് ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. ആർപ്പൂക്കരയിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയ്‌ക്ക് സാരമായ പരിക്കേറ്റു. ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. തല പോസ്റ്റിൽ ഇടിച്ചെന്നാണ് സൂചന. ഇതിൽ ചോരപാടുകളുണ്ടായിരുന്നു. ഉടനെ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട സമയത്ത് നിത്യ മാത്രമാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മാന്നാനം കെഇ കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിനിയാണ് മരിച്ച നിത്യ. കോളജിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. അപകടത്തിൽ ബുള്ളറ്റ് ഭാഗികമായി തകർന്നു. രാത്രി പത്തോടെയാണ് യുവതിയുടെ മരണം സ്ഥിരീകരിക്കുന്നത്.















