തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളുടെ ഭാഗമായി രാജഭരണകാലം മുതൽ ചടങ്ങുകളിൽ നൽകി വന്നിരുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നിർത്തിവെക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം. ഇന്ന് വിവിധ ഹൈന്ദവ സംഘടനകൾ പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധം നടത്തും.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേൃത്വത്തിൽ നാമജപ ഘോഷയാത്ര സംഘടിപ്പിക്കുക. നാളെ വൈകുന്നേരം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. എസ്എംവി സ്കൂളിന് സമീപമുള്ള പഴയ ശ്രീകണ്ഠശ്വരം ക്ഷേത്രത്തിന് മുൻപിൽ നിന്ന് ആരംഭിക്കുന്ന നാമജപ ഘോഷയാത്ര ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സമാപിക്കും.
സംസ്ഥാനത്തെ 20-ഓളം ക്ഷേത്രത്തിൽ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകി വരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ടിനും നവരാത്രി വിഗ്രഹ ഘോഷയാത്ര എത്തുമ്പോഴും ഗാർഡ് ഓഫ് ഓണർ നൽകുന്ന പതിവുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായമാണിത്. രാജകുടുംബങ്ങൾ ക്ഷേത്രങ്ങൾ സർക്കാരിന് കൈമാറിയപ്പോൾ ഒപ്പുവെച്ച കരാറിൽ അതുവരെ പാലിച്ചുവന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സുപ്രധാന ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തിന് പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ തുടർന്നുവന്നത്. ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തോടെ ഇതിൽ മാറ്റം വരും.
സെപ്റ്റംബർ അഞ്ചിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഗാർഡ് ഓഫ് ഓണർ നിർത്തലാക്കാൻ തീരുമാനമായത്. ആഭ്യന്തര വകുപ്പിന്റെ പുതിയ നിർദ്ദേശമനുസരിച്ച് ക്ഷേത്രങ്ങളിലെ ഒഴിവാക്കാനാകാത്ത ചടങ്ങാണെങ്കിൽ പൊലീസിനാവശ്യമായ പണം ക്ഷേത്ര കമ്മിറ്റികൾ തന്നെ നൽകേണ്ടി വരും. ക്ഷേത്രസ്വത്ത് ഖജനാവിലേക്ക് ഒഴുക്കുകയെന്ന തന്ത്രമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ക്ഷേത്രങ്ങളിലെ ആചാരങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാരും പൊലീസും ചേർന്ന് നടത്തുന്നത്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കൂടാതെ തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രം, തൃപ്രയാർ ശ്രീരാമക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, തിരുവനന്തപുരം വെളളായണി ദേവീക്ഷേത്രം, തൃശൂർ ഊരകം അമ്മതിരുവടി ക്ഷേത്രം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലും ഗാർഡ് ഓഫ് ഓണർ നൽകരി വരുന്നുണ്ട്.















