തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തിയപ്പോൾ എൽഡിഎഫിന് തിരിച്ചടിയും ബിജെപിക്ക് നേട്ടവും. പത്തനംതിട്ട ഏറ്റുമാനൂരിൽ കോൺഗ്രസിൽ നിന്ന് ബിജെപി സീറ്റ് പിടിച്ചെടുത്തു. രണ്ട് സിറ്റിംഗ് സീറ്റുകളും ബിജെപി നിലനിർത്തി.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 102 സ്ഥാനാർത്ഥകളാണ് ജനവിധി തേടിയത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പടെ 11 ജില്ലകളിലായി 4 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 3 മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നേട്ടം കൈവരിച്ച് ബിജെപി മൂന്നിടങ്ങളിൽ വിജയിച്ചു കയറി.
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്ത് കരിക്കാമൻകോട് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ 130 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി അഖിലാ മനോജ് വിജയിച്ചു. പത്തനംതിട്ട എഴുമാറ്റൂരിൽ കോൺഗ്രസിൽ നിന്ന് ബിജെപി സീറ്റ് പിടിച്ചെടുത്തു. 48 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി റാണി വിജയിച്ചു. തൃശൂർ കൊടുങ്ങല്ലൂർ നഗരസഭയിലെ 41-ാം വാർഡിൽ സിറ്റിംഗ് സീറ്റ് ബിജെപി നിലനിർത്തി. 69 വോട്ടുകൾ ക്കാണ് ബിജെപി സ്ഥാനാർഥി ഗീതാ റാണി വിജയിച്ചത്.
യൂഡിഎഫ് 16 ഇടങ്ങളിൽ വിജയിച്ചു കയറിയപ്പോൾ എൽഡിഎഫ് ആകട്ടെ 11 സീറ്റുകളിലൊതുങ്ങി. ഈരാട്ടുപേട്ട 16-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ യാഹിനമോൾ വിജയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻഎം രാജനും ജയം കൈവരിച്ചു. www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്,















