എറണാകുളം: നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നടൻ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം.
സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചു. 17 വർഷത്തിന് മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്ന് കോടതി പറഞ്ഞു. രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് കുറ്റാരോപിതനെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ ഇടക്കാല മുൻകൂർ ജാമ്യവും നടന് ഹൈക്കോടതി അനുവദിച്ചിരുന്നു.
ഷൂട്ടിംഗ് ലൊക്കേഷനിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ‘ദേ ഇങ്ങോട്ടുനോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ബാലചന്ദ്രമേനോന് പുറമെ ജയസൂര്യ, ജാഫർ ഇടുക്കി, മുകേഷ് തുടങ്ങിയ താരങ്ങൾക്കെതിരെയും നടി പരാതിയുമായി രംഗത്തെത്തിയിരുന്നു. അതേസമയം തന്നെ അപമാനിക്കാനും പണം തട്ടാനുമായി മനപൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലചന്ദ്രമേനോൻ ഹൈക്കോടതിയെ സമീപിച്ചത്.