തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. ഇടതുമുന്നണിക്ക് മൂന്ന് പഞ്ചായത്തുകളിലെ ഭരണം നഷ്ടമായി. പാലക്കാട് തച്ചൻപാറ, തൃശൂർ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ പഞ്ചായത്തുകളിലാണ് എൽഡിഎഫിന് ഭരണം കൈവിട്ടത്. മൂന്നിടങ്ങളിലും യുഡിഎഫാണ് വിജയിച്ചത്.
17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്നിടത്ത് ബിജെപിയും വിജയിച്ചു. പത്തനംതിട്ട എഴുമറ്റൂർ അഞ്ചാം വാർഡ് കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി റാണി ടീച്ചർ 48 വോട്ടുകൾക്ക് വിജയിച്ചു. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമൻകോട് വാർഡ് ബിജെപി നിലനിർത്തി. അഖില മനോജാണ് ജയിച്ചത്. കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിൽ എൻഡിഎ സീറ്റ് നിലനിർത്തി. എൻഡിഎ സ്ഥാനാർത്ഥി ഗീതാറാണി വിജയിച്ചു.
കടുത്ത ഭരണവിരുദ്ധ വികാരം തദ്ദേശ ഉപതെരഞ്ഞെടുപ്പികളിലും പ്രതിഫലിച്ചിട്ടുണ്ട്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ സിറ്റിംഗ് സീറ്റ് നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞില്ല. ചടയമംഗം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലും തേവലക്കര 22 ആം വാർഡിലും എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായില്ല.















