തൃശൂർ: ഊരകത്ത് ഹോട്ടലിലേക്ക് കാർ ഇടിച്ചുകയറി അപകടം. രാവിലെ 9.30 നായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ഊരകം ശ്രീവിനായക ഹോട്ടലിലേക്കാണ് ഇടിച്ചുകയറിയത്. ഹോട്ടലിന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന ഗ്യാസ് ഏജൻസി ജീവനക്കാരന് പരിക്കേറ്റു. ഇയാൾ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
അപകടത്തിൽ ഹോട്ടലിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലാണ്. നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഹോട്ടലിന് മുന്നിലിട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ റിസപ്ഷനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിനിടെയാണ് ഗ്യാസ് ഏജൻസി ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങിയത്.
കാറിന്റെ മുൻവശവും തകർന്ന നിലയിലാണ്. കാറിൽ നിന്നും പുക ഉയർന്നതും ആളുകളിൽ പരിഭ്രാന്തി പരത്തി. ഇലക്ട്രിക് കാറാണ് അപകടത്തിൽപ്പെട്ടത്. വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കി.