അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനിറങ്ങിയ ഇന്ത്യൻ വനിതകളെ വീണ്ടും തോൽപ്പിച്ച് ഓസ്ട്രേലിയ പരമ്പര 3-0 ന് തൂത്തുവാരി. അവസാന മത്സരത്തിൽ 83 റൺസിനായിരുന്നു തോൽവി. പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ ഗാർഡ്നറുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ അന്നബെൽ സതർലൻഡിന്റെ അത്യുഗ്രൻ സെഞ്ച്വറി(110) കരുത്തിലാണ് ഓസ്ട്രേലിയ 298/6 റൺസാണ് നേടിയത്.
തഹ്ലിയ മക്ഗ്രാത്ത്(56), ഗാർഡ്നെർ(50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അരുന്ധതി റെഡ്ഡിക്ക് നാല് വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗിൽ മന്ദാനയുടെ പോരാട്ടം മാത്രമാണ് ഇന്ത്യക്ക് ആകെയുള്ള ആശ്വാസം. 109 പന്തിൽ നിന്ന് താരം 105 റൺസ് നേടി. ഹർലിൻ ഡിയോൾ (39) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
39-ാം ഓവറിൽ മന്ദാന പുറത്താകുന്നത് വരെ ഇന്ത്യക്ക് ജയത്തിന്റെ വിദൂര പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ അവസാന ഏഴ് വിക്കറ്റുകൾ ഇന്ത്യ 27 റൺസിനിടെ വലിച്ചെറിഞ്ഞ് തോൽവി ചോദിച്ച് വാങ്ങുകയായിരുന്നു. ആറുപേർ രണ്ടക്കം കാണാതെ പുറത്തായി. ഹർമൻ പ്രീത് കൗർ 12 റൺസുമായി ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. മലയാളി താരം മിന്നു മണിക്ക് 8 റൺസെടുക്കാനെ സാധിച്ചുള്ളു. 45.1 ഓവറിൽ ഇന്ത്യ 215ന് പുറത്താവുകയായിരുന്നു. ഇതോടെ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ സമീപനവും ചോദ്യം ചെയ്യപ്പെടുകയാണ്.