ചിന്ന ചിന്ന ആസൈ എന്ന ഒറ്റ ഗാനം മതി പിന്നണി ഗായികയായ മിന്മിനിയെ തിരിച്ചറിയാൻ. മലയാളിയാണെങ്കിലും പാടിയതൊക്കെയും തമിഴ് ഗാനങ്ങളും. ഇളയരാജ, വിദ്യാസാഗർ, എആർ റഹ്മാൻ,ദേവ, കീരവാണി തുടങ്ങിയവരുടെ ഇഷ്ട ഗായികയായിരുന്നു മിന്മിനി. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴാണ് അവരുടെ ശബ്ദം നഷ്ടമായത്. അതിന് വഴിവച്ച കാരണം എന്താണെന്ന് വിശദമാക്കുകയാണ് ഗായിക. രാജ സാറിന്റെ ( ഇളയരാജ) വാക്കുകളാണ് എനിക്ക് ആഘാതമായതും പിന്നീട് ശബ്ദം നഷ്ടമാകുന്ന നിലയിലേക്ക് പോയതുമെന്ന് പറയുകയാണ് മിന്മിനി.
എനിക്ക് മൂന്ന് സഹോദരിമാരാണ്. അപ്പച്ചൻ ഒരു കമ്പനി ജീവനക്കാരനായിരുന്നു. ഞാൻ പത്താം ക്ലാസിലായപ്പോൾ അച്ഛൻ വിരമിച്ചു. ഞങ്ങളുടെ വരുമാനം എന്റെ പാട്ടായിരുന്നു. എല്ലാ ദിവസവും ഗാനമേളകളുണ്ടായിരുന്നെങ്കിലും 300 രൂപയായിരുന്നു ശമ്പളം. ആ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ചെന്നൈയിലേക്ക് വണ്ടി കയറുന്നത്.
രാജ സാറിന്റെ അടുത്ത് ചാൻസ് കിട്ടി. അന്നുമുതൽ 1500 രൂപയായി ശമ്പളം. സാറിനായി എന്നുവരെ പാടിയോ അതായിരുന്നു ശമ്പളം. എന്നിട്ടും ബാധ്യതകൾ തീരുമായിരുന്നില്ല. ഇതിനിടെ ദേവാ സാറിന്റെയും വിദ്യാജിയുടെയും കീരവാണി സാറിൻ്റേയുമൊക്കെ പാട്ടുകൾ പാടിയിരുന്നു. ഇതൊന്നും രാജ സാർ അറിഞ്ഞിരുന്നില്ല. റഹ്മാന് വേണ്ടി ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ് അദ്ദേഹമറിഞ്ഞത് പാട്ട് ഹിറ്റായി. രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിൽ റെക്കോർഡിംഗ് എവിഎമ്മിൽ നടക്കുകയാണ്.
സർ വന്ന് ചില കറക്ഷനൊക്കെ പറഞ്ഞിട്ട് തിരുച്ചു പോയി. എന്നിട്ട് വീണ്ടും തിരിച്ചുവന്ന് ചോദിച്ചു. നീ എന്തിനാണ് അവിടെയും ഇവിടെയുമൊക്കെ പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതി. അത് എനിക്ക് വലിയ ഷോക്കായിരുന്നു. ഓഡിയോ റൂമിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു. മനോ അണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഈ സംഭവം ശബ്ദം നഷ്ടമാകുന്ന രീതിയിലുള്ള ഷോക്കായിരിന്നുവോ എന്നറിയില്ലായിരുന്നു. അതിന് ശേഷം ഇളയരാജ എന്നെ പാടാൻ വിളിച്ചിട്ടില്ല. എനിക്ക് അദ്ദേഹത്തോട് വെറുപ്പോ, ദേഷ്യമോ ഇല്ല—–മിന്മിനി പറഞ്ഞു.