അല്ലു അർജുൻ നായകനായ പുഷ്പ- 2 ബോക്സോഫീസ് കളക്ഷൻ കളക്ഷൻ നേടി തിയേറ്ററിൽ കുതിക്കുമ്പോൾ ചിത്രത്തെ വാനോളം പുകഴ്‌ത്തി മോഹൻലാൽ. ഗേറ്റ് ക്രാഷർ എന്നാണ് പുഷ്പ-2 നെ പരാമർശിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞത്. മോഹൻലാൽ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം ബറോസിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.
‘പുഷ്പ മാത്രമല്ല എല്ലാ സിനിമകളും മികച്ച വിജയം നേടാനാണ് ഞാൻ പ്രാർത്ഥിക്കുന്നത്. സിനിമാ വ്യവസായത്തിലെ ഗേറ്റ് ക്രാഷറാണ് പുഷ്പ. സിനിമാമേഖല കൂടുതൽ ഉയരത്തിലെത്തണം. ഒരുപാട് വലിയ സിനിമകൾ വരാനിരിക്കുന്നുണ്ട്. എല്ലാവരും സിനിമയെ ബഹുമാനിക്കണം. വലിയ വലിയ സിനിമകൾ കൊണ്ടുവരണം. അതിനുവേണ്ട ടെക്നീഷ്യന്മാരും ആർട്ടിസ്റ്റുകളും ഇന്ന് നമുക്കുണ്ട്’.
‘വർഷങ്ങൾക്ക് മുമ്പ് ഞാൻ അഭിനിയച്ച കാലാപാനി ഒരു പാൻ ഇന്ത്യൻ സിനിമയായിരുന്നു. സന്തോഷ് ശിവനാണ് അത് ഷൂട്ട് ചെയ്തത്. അദ്ദേഹത്തിന് ആ സിനിമയ്‌ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. അത്തരത്തിലുള്ള സിനിമകൾ ആരെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ട്. അതിനുള്ള എല്ലാ സൗകര്യങ്ങളും ഇന്ന് നമുക്കുണ്ട്. ലോകത്ത് എവിടെയായാലും റിലീസ് ചെയ്യിക്കാൻ കഴിയുന്ന വ്യത്യസ്തമായ സിനിമകൾ കൊണ്ടുവരണം. അതിനായാണ് തങ്ങളെല്ലാം ശ്രമിക്കുന്നതെന്നും’ മോഹൻലാൽ പറഞ്ഞു.
ട്രെയിലർ ലോഞ്ച് ചടങ്ങിൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി ട്രെയിലറും റിലീസ് ചെയ്തിട്ടുണ്ട്. ഡിസംബർ 27-നാണ് ബറോസിന്റെ ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.