ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിയുടെ സഖ്യം ചേർന്ന് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും കോൺഗ്രസുമായി സഖ്യം ചേരാനില്ലെന്നുമാണ് കെജ്‌രിവാൾ വ്യക്തമാക്കിയത്.
” വരുന്ന തെരഞ്ഞെടുപ്പിനെ ആം ആദ്മി പാർട്ടി സ്വന്തം നിലയ്‌ക്ക് തന്നെ നേരിടും. കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും” കെജ്‌രിവാൾ പറയുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇൻഡി മുന്നണിയിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചർച്ചകൾ ആരംഭിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോൺഗ്രസും ആം ആദ്മിയും അവസാനവട്ട ചർച്ചകളിലേക്ക് എത്തിയെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കെജ്‌രിവാൾ നിലപാട് വ്യക്തമാക്കിയത്.
അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടിക ആംആദ്മി പുറത്തിറക്കിയിട്ടുണ്ട്. ജംഗ്പുര മണ്ഡലത്തിൽ നിന്നും മനീഷ് സിസോദിയ മത്സരിക്കും. നേരത്തെ പട്പർഗഞ്ചിൽ നിന്നാണ് മനീഷ് മത്സരിച്ച് വിജയിച്ചത്. ഈ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ അവധ് ഓജയുടെ പേരാണ് പാർട്ടി നിർദേശിച്ചിരിക്കുന്നത്. രണ്ടാംഘട്ട പട്ടികയിൽ നിന്ന് 17 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കി ഇവിടെ പുതുമുഖങ്ങൾക്ക് ഇടം കൊടുത്തിട്ടുണ്ട്. അടുത്ത വർഷം ആദ്യം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റുകൾ നേടിയാണ് പാർട്ടി അധികാരത്തിലെത്തിയത്.