കൊല്ലം: യുവജനങ്ങൾക്ക് അവസരം നൽകാനെന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കിയത് ആന മണ്ടത്തരമാണെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. കോർപ്പറേഷൻ ഡിവിഷനുകളിൽ പലയിടത്തും ഇപ്പോൾ ബിജെപി മുന്നേറുകയാണ്. ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോൾ മാത്രമല്ല, ഭാവിയിലും പാർട്ടിക്ക് ദോഷമാണെന്നും വിമർശനം ഉയർന്നു.
സിപിഎം നേതൃത്വത്തെ കടന്നാക്രമിച്ചാണ് കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉയർത്തിയത്. സാധാരണക്കാരായ പ്രവർത്തകർ എങ്ങനെ ജീവിക്കുന്ന എന്ന് പോലും പാർട്ടി അറിയുന്നില്ല. സാധാരണ പ്രവർത്തകരെ നേതൃത്വം തീർത്തും അവഗണിക്കുകയാണ്. താഴേത്തട്ടിൽ പ്രവർത്തിക്കുന്നവരുടെ അവസ്ഥ മനസിലാക്കാൻ നേതൃത്വം ശ്രമിക്കുന്നില്ല. എ എ റഹീമിന്റെ രാജ്യസഭയിലെ പ്രകടനം പരിതാപകരമാണെന്നും വിമർശനം ഉയർന്നു. പാർലമെന്റിൽ ഇടതുപക്ഷത്തിന് മുഖമില്ലാതായി. ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിന് വേണ്ടിയാണെന്നുമാണ് സമ്മേളത്തിൽ പങ്കെടുത്ത പ്രതിനിധികൾ ചോദ്യം ഉന്നയിച്ചത്.
തലേദിവസം വരെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടിരുന്ന സന്ദീപ് വാര്യരെ ഉത്തമനായ സഖാവ് ആക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയുടേതെന്നും പരിഹാസം ഉയർന്നു. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ രാഷ്‌ട്രീയത്തെ ഉപയോഗിച്ച് വർഗീയ പരസ്യം നൽകിയത് എന്തിനാണെന്നും പ്രതിനിധികൾ ചോദിക്കുന്നു. വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണം. നേതാക്കൾ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.