ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കെതിരായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണം കഠിനാധ്വാനികളായ ജീവനക്കാർക്കും ശക്തവും ഭദ്രവുമായ ബാങ്കിംഗ് സംവിധാനത്തിന്റെ പ്രയോജനം നേടുന്ന പൗരന്മാർക്കും അപമാനമാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. എപ്പോഴും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്താനാണ് രാഹുലിന് താൽപര്യമെന്നും ധനമന്ത്രി പരിഹസിച്ചു. കേന്ദ്രം പൊതുമേഖലാ ബാങ്കുകളെ തട്ടിപ്പുകാരായ സുഹൃത്തുക്കൾക്കുള്ള സ്രോതസ്സായി ഉപയോഗിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.
എന്നാൽ യുപിഎ ഭരണകാലത്താണ് അന്നത്തെ കോൺഗ്രസ് സർക്കാർ ബാങ്ക് ജീവനക്കാരെ പീഡിപ്പിക്കുകയും ബന്ധുക്കൾക്ക് ഫോൺ ബാങ്കിംഗ് വഴി വായ്പ നൽകാൻ നിർബന്ധിക്കുകയും ചെയ്തതെന്ന് നിർമലാ സീതാരാമൻ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. യുപിഎ സർക്കാർ പൊതു ബാങ്കുകളെ അവരുടെ കൂട്ടുകാർക്കും ബിസിനസുകാർക്കുമുള്ള ‘എടിഎമ്മുകൾ’ ആയാണ് കണക്കാക്കിയതെന്ന് കേന്ദ്രമന്ത്രി ആഞ്ഞടിച്ചു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ബാങ്കിംഗ് മേഖലയും പ്രത്യേകിച്ച് പിഎസ്ബികളും ശ്രദ്ധേയമായ നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പൊതുമേഖലാ ബാങ്കുകളിൽ പൊതുജനങ്ങൾക്കും ഓഹരി പങ്കാളിത്തമുണ്ട്. പൗര കേന്ദ്രീകൃത ഭരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവുമാണ് മോദി സർക്കാരിന്റെ അടിസ്ഥാന തത്വം. പിഎം-മുദ്ര, പിഎം-സ്വനിധി പദ്ധതികൾക്ക് കീഴിൽ യഥാക്രമം 68 ശതമാനവും 44 ശതമാനവും സ്ത്രീകളാണ് ഗുണഭോക്താക്കളെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. വനിതകൾക്ക് തുല്യ അവസരങ്ങളോ പുരോഗതിയോ ഉണ്ടായിട്ടില്ലെന്ന രാഹുലിന്റെ ആരോപണങ്ങൾക്കായിരുന്നു ധനമന്ത്രിയുടെ മറുപടി.