തിരുവനന്തപുരം: വഞ്ചിയൂരിൽ സിപിഐഎം സമ്മേളനത്തിനായി റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പൊലീസ് സ്റ്റേഷനുമുന്നിൽ സ്റ്റേജ് കെട്ടിയിട്ടും വിഷയം സംസ്ഥാന പൊലീസ് മേധാവി അറിഞ്ഞില്ലേയെന്ന് കോടതി ചോദിച്ചു. റോഡരികിൽ ചായക്കട തുടങ്ങിയാൽ എടുത്തുമാറ്റുന്ന പൊലീസ്, ഗതാഗതം തടസപ്പെടുത്തി നടത്തിയ സമ്മേളനത്തിൽ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. പൊലീസ് പറഞ്ഞിട്ടും പാർട്ടിക്കാർ അനുസരിച്ചില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി.
കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. സമ്മേളനത്തിൽ ആരൊക്കെയുണ്ടായിരുന്നുവെന്ന് അന്വേഷിച്ച കോടതി ഇതിൽ ആർക്കൊക്കെ എതിരെ കേസെടുത്തെന്നും ആരുടെയൊക്കെ വാഹനം പിടിച്ചെടുത്തെന്നും വ്യക്തമാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. എഫ്‌ഐആർ ഏതൊക്കെ വകുപ്പുകൾ പ്രകാരമാണെന്നും കോടതി ആരാഞ്ഞു. തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെയും കോടതി രൂക്ഷ വിമർശനമുന്നയിച്ചു.
പൊതുവഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിട്ടില്ലെന്നും സ്റ്റേജ് പൊളിച്ചാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നുവെന്നുമാണ് ഹൈക്കോടതിയിൽ വഞ്ചിയൂർ എസ് എച്ച് ഒ മറുപടി നൽകിയത്. സംഭവത്തിൽ മൈക്ക് ഓപ്പറേറ്റർക്ക് എതിരെ മാത്രം കേസെടുത്തതെന്തിനാണ്? സ്റ്റേജിൽ ഇരുന്നവർക്കെതിരെയും അവിടെ ഒരുമണിക്കൂറോളം നാടകം അവതരിപ്പിച്ചവർക്കെതിരെയും പൊലീസ് കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. വഴിതടഞ്ഞുള്ള പാളയം സി.പി.എം ഏരിയാ സമ്മേളനത്തിന്റെ വാർത്താ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
പാളയം സി.പി.എം ഏരിയാ സമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ച് ഡി ജി.പിക്ക് വ്യക്തതയുണ്ടോയെന്ന് കോടതി ചോദിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലും വഴി തടഞ്ഞു. കോർപ്പറേഷൻ ഇതിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കുറ്റം ചെയ്തവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.















