തലയിണയില്ലാതെ ഉറങ്ങാൻ സാധിക്കാത്തവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യുന്നതിന് തലയിണകളുടെ സ്ഥാനം വലുതാണ്. ചിലർക്ക് തലയിണകൾ കെട്ടിപിടിച്ച് ഉറങ്ങുന്നതായിരിക്കും ഇഷ്ടം. മറ്റുചിലർക്ക് തലയുടെ അടിയിൽ വയ്‌ക്കാനും കിടക്കയുടെ വശങ്ങളിൽ വയ്‌ക്കാനുമൊക്കെ തലയിണകൾ ആവശ്യമായിരിക്കും. എന്നാൽ മാസങ്ങളും വർഷങ്ങളുമായി ഒരേ തലയിണകൾ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
തലയിണകൾ ഒന്നോ രണ്ടോ വർഷത്തിനിടെ മാറ്റണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ഓരോ തലയിണകൾക്കും വ്യത്യസ്ത ആയുസാണുള്ളത്. എന്നിരുന്നാലും വർഷത്തിൽ ഒരിക്കലെങ്കിലും തലയിണകൾ മാറ്റാൻ ശ്രമിക്കുക. ഉപയോഗിക്കുന്തോറും തലയിണകളുടെ ആകൃതിയിൽ വ്യത്യാസം വരികയും മൃദുത്വം നഷ്ടപ്പെടുകയും ചെയ്യുന്നു. തലയ്‌ക്ക് നൽകുന്ന പിന്തുണ കുറയുന്നു. ഇത് പിൻകഴുത്തിൽ വേദന അനുഭവപ്പെടുന്നതിലേക്ക് വഴിവയ്‌ക്കും.
ഒരേ തലയിണകൾ 2 വർഷത്തിലധികം ഉപയോഗിക്കുന്നത് ചർമ്മ പ്രശ്‌നങ്ങളിലേക്കും അലർജി പോലുള്ളവയിലേക്കും നയിച്ചേക്കാം. മുടിയിലെ എണ്ണയും മറ്റും തലയിണകളിൽ പറ്റിപിടിക്കാൻ കാരണമാകുന്നു. ഇതിലൂടെ ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ വർദ്ധിക്കുന്നു. പഞ്ഞി ഉപയോഗിച്ചുള്ള തലയണികൾ ഉപയോഗിക്കുന്നവരാണെങ്കിൽ അലർജി പ്രശ്‌നങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. പൊടിപടലങ്ങൾ തലയിണകൾ ശേഖരിക്കുന്നതിലൂടെ ഇത് ശ്വാസകോശത്തിലെത്തുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്യുന്നു.