വിട്ടുകൊടുക്കാൻ തയാറാകാത്ത പെൺകുട്ടിയെ കുറിച്ചാണ് ‘നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിൽ’ എന്ന ഡോക്യുമെൻ്ററി പറഞ്ഞതെന്ന് നയൻതാര. ഡോക്യുമെന്ററി കണ്ട് പത്ത് പെൺകുട്ടികൾക്കെങ്കിലും പ്രചോദനമാകട്ടെയെന്ന് മാത്രമാണ് ചിന്തിച്ചിരുന്നതെന്നും അവരുടെ ജീവിതത്തിൽ പ്രതീക്ഷ നൽകിയാൽ തന്നെ താൻ സംതൃപ്തയാണെന്നും നയൻതാര പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
“എന്റെ സിനിമകൾക്ക് ലഭിക്കാത്തത്ര സ്വീകാര്യത ഡോക്യുമെന്ററിക്ക് ലഭിച്ചു. ഒരുപാട് മികച്ച പ്രതികരണങ്ങളാണ് ഡോക്യുമെന്ററിക്ക് ലഭിച്ചത്. ഒരുപാട് സന്തോഷമുണ്ട്. ഡോക്യുമെന്ററി റിലീസ് ചെയ്തതിന് ശേഷം ഒരുപാട് പേർ വിളിച്ച് സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ആ സമയത്താണ് വിവാദങ്ങളും പ്രശ്നങ്ങളുമെല്ലാം ഉണ്ടായത്. പകൽ മുഴുവൻ പ്രശ്നങ്ങൾ പരിഹരിക്കുകയും രാത്രി മുഴുവൻ ഡോക്യുമെൻ്ററിയുടെ പ്രതികരണങ്ങൾ കണ്ട് സന്തോഷിക്കുകയും ചെയ്തു’.
ഡോക്യുമെന്ററി എത്ര പേർ കാണുമെന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല. പത്ത് പേരിലേക്ക് എത്തിയാൽ പോലും ഞാൻ സന്തോഷവതിയാണ്. സ്നേഹവും വിജയവും, പരാജയവും പ്രയാസങ്ങളൊക്കെ ഉൾപ്പെടുത്തിയുള്ളതാണ് ഡോക്യുമെന്ററി. ഇത്രയധികം ആളുകൾ ഡോക്യുമെന്ററി കാണുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നയൻതാര പറഞ്ഞു.















