കോഴിക്കോട്: വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും സഹായ വാഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങിയെന്നും കുടുംബം ആരോപിക്കുന്നു.
മെച്ചപ്പെട്ട അന്തരീക്ഷത്തിൽ നല്ല രീതിയിൽ ചികിത്സ നൽകിയാൽ ദൃഷാനയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. വീടിന്റെ അന്തരീക്ഷമാണ് ദൃഷാനയ്‌ക്ക് ആവശ്യമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം ദൃഷാനയും കുടുംബവും വാടകവീട്ടിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ ചികിത്സാച്ചെലവേറയുകയാണ്.
മരുന്ന് മാത്രമാണ് ഇൻഷുറൻസിന് കീഴിൽ ലഭിക്കുന്നത്. ഡയപ്പറും പ്രോട്ടീൻ പൗഡറുമൊക്കെ പുറത്തുനിന്ന് വാങ്ങുകയാണെന്ന് ദൃഷാനയുടെ അമ്മ സ്മിത പറയുന്നു. കൂട്ടിരിപ്പുകാരുടെ ഭക്ഷണവും മറ്റ് കാര്യങ്ങളും ഉൾപ്പടെ വലിയ തുകയാണ് ചെലവ് വരുന്നതെന്നും കുടുംബം പറയുന്നു. ഒരാഴ്ച കഴിഞ്ഞ് കണ്ണ് പരിശോധിക്കണം, രണ്ടാഴ്ചയ്‌ക്ക് ശേഷം ന്യൂറോ മെഡിസിനിലും കാണിക്കണം, മൂന്നാഴ്ച കഴിഞ്ഞ് തെറപ്പിക്ക് വരണം. പിന്നീട് ദിവസവും വീട്ടിൽ വന്ന് തെറപ്പി ചെയ്യാൻ ആൾ വരും. അതിന് വേറെ ഫീസ് കൊടുക്കണം. ബെംഗളൂരുവിലെ നിംഹാൻസിൽ തെറപ്പി ചെയ്താൽ വേഗത്തിൽ മാറുമെന്ന് ചിലർ പറയുന്നു. 2 മണിക്കൂർ കൂടുമ്പോൾ ട്യൂബിലൂടെയാണു ഭക്ഷണം നൽകുന്നതെന്നും സ്മിത പറയുന്നു.
അമ്മയെ കൺമുന്നിൽ കൊലപ്പെടുത്തുകയും മകളെ ഈ ദുരവസ്ഥയിലാക്കുകയും ചെയ്തയാളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. കാറോടിച്ചയാളെ പിടികൂടിയാൽ മാത്രമേ നഷ്ടപരിഹാരവും മോളുടെ ചികിത്സയ്‌ക്കുള്ള സഹായവും ലഭിക്കൂ. കഴിഞ്ഞ ഫെബ്രുവരി 17-നാണ് അപകടം സംഭവിച്ചത്.