കൊച്ചി: വിവാഹേതര ബന്ധം ഉണ്ടെന്ന കാരണത്താൽ ഭാര്യയ്‌ക്കോ ഭർത്താവിനോ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം കിട്ടാൻ അർഹതയില്ലെന്ന് ഹൈക്കോടതി. എന്നാലിത് വിവാഹമോചനത്തിന് മതിയായ കാരണമാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹം സാധുവായിരിക്കെ തന്നെ ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായെന്നും, ഭർത്താവിന് ഇതുമൂലമുണ്ടായ മാനക്കേടിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമുള്ള തിരുവനന്തപുരം കുടുംബ കോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കുടുംബകോടതിയുടെ വിധിക്കെതിരെ ഭാര്യയും പങ്കാളിയും ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനക്കേടും മനോവിഷമവും ഉണ്ടായെന്ന് പറഞ്ഞ് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് ഹൈക്കോടതി പറയുന്നു. നിലവിലെ നിയമങ്ങൾ ഭാര്യയുടെയോ ഭർത്താവിന്റെയോ വിശ്വസ്തയുടെ ഉടമയായി പങ്കാളിയെ അംഗീകരിക്കുന്നതല്ല. വിവാഹേതര ബന്ധങ്ങളിൽ സാമ്പത്തിക ബാധ്യത ചുമത്താതെ വിവാഹമോചനം ഉൾപ്പെടെ നിർദേശിക്കുന്നത് പങ്കാളിയുടെ അന്തസും സ്വാതന്ത്ര്യവും അംഗീകരിക്കുക എന്നതാണ്.
നഷ്ടപരിഹാരത്തിനുള്ള ക്ലെയിം അംഗീകരിച്ചാൽ പങ്കാളിയുടെ വിശ്വസ്തത ഭാര്യയ്‌ക്കോ ഭർത്താവിനോ അവകാശപ്പെട്ടതാണെന്ന ചിന്ത ഉയരും. വിവാഹേതരബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ല. വിശ്വാസ്യതയുടെ ലംഘനം എന്ന പേരിൽ ജീവിത പങ്കാളികൾ തമ്മിലുള്ള സ്വകാര്യ പ്രശ്‌നമാണത്. വിവാഹമോചനത്തിന് ഇത് മതിയായ കാരണമാണെന്നും, നിയമവ്യവസ്ഥകളിലുള്ള മാറ്റം വഴി പല രാജ്യങ്ങളിലും ഇത് നഷ്ടപരിഹാരത്തിനുള്ള കാരണമായി അംഗീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.