ഒരു വസ്തുവിന്റെ കാര്യക്ഷമത, സ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനും വായുവുമായി എപ്രകാരം ഇടപഴകുന്നുവെന്ന് പഠിക്കുന്ന പ്രക്രിയയാണ് എയറോഡൈനാമിക് ടെസ്റ്റിംഗ്. ബഹിരാകാശ മേഖലയിൽ വളരെ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണിത്. ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെടുകയാണ് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. രാജ്യത്തിന്റെ കമ്പ്യൂട്ടേഷണൽ കഴിവ് വർദ്ധിപ്പിക്കുന്നതിൽ നിർണായകമാകും ഇത്. ഡാറ്റ പ്രോസസ്സ് ചെയ്യാനും വിശകലനം ചെയ്യാനുമുള്ള ഒരു ഉപകരണത്തിന്റെ കഴിവിനെയാണ് കമ്പ്യൂട്ടേഷൻ ശേഷി എന്നുവിളിക്കുന്നത്.
ബഹിരാകാശ ദൗത്യങ്ങളിലെയോ അല്ലെങ്കിൽ ഉപകരണങ്ങളിലെയോ പോരായ്മകളും പ്രശ്നങ്ങളും ബാഹ്യമായ രീതിയിൽ കണ്ടെത്താനും പരിഹരിക്കാനും കഴിയുമെന്നും അതിനാൽ തന്നെ എയറോഡൈനാമിക് ടെസ്റ്റിംഗ് സൗകര്യങ്ങളുടെ ആവശ്യമില്ലെന്നും ചിന്തിക്കുന്നത് ശരിയല്ലെന്നും ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. അതിനാൽ തന്നെ എയറോഡൈനാമിക് ടെസ്റ്റിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്.
പരിശോധനയ്‌ക്ക് പുറമേ ഇഴ കീറിയുള്ള പരിശോധനയും മറ്റും അനിവാര്യമാണ്. വൻ തുക ചെലവാക്കി സജ്ജമാക്കുന്ന ദൗത്യങ്ങളുടെ വിജയത്തിന് ടെസ്റ്റിംഗ് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയ്‌ക്ക് ഒരു പരിധിവരെ ടെസ്റ്റ് സൗകര്യങ്ങളുണ്ടെന്നും എന്നാൽ ഗഗൻയാൻ ദൗത്യത്തിന്റെ 30 ശതമാനത്തോളം ടെസ്റ്റുകൾ മാത്രം നടത്താനുള്ള സംവിധാനമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാറ്റ സൃഷ്ടിക്കാൻ പല രാജ്യങ്ങളുടെയും സഹായം തേടി. അത്തരമൊരു സാഹചര്യത്തിലാണ് എയറോഡൈനാമിക് ടെസ്റ്റിംഗ് വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിച്ചത്. ഭാവിയിലെ വലിയ ദൗത്യങ്ങൾക്കായി ഇന്നേ തയ്യാറെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇസ്രോ മേധാവി.