ന്യൂഡൽഹി: ജഡ്ജിമാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പങ്കുവയ്‌ക്കരുതെന്നും സുപ്രീം കോടതി. സന്യാസിയെപോലെ ജീവിക്കുന്നവരും കുതിരയെപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവരായിരിക്കണം ജഡ്ജിമാരെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ബിവി നാഗരത്ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വാക്കാലുള്ള പരാമർശം നടത്തിയത്.
രണ്ട് വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവരെ മധ്യപ്രദേശ് ഹൈക്കോടതി പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. “സോഷ്യൽ മീഡിയ ഒരു തുറന്ന പ്ലാറ്റ്‌ഫോമാണ്. നിങ്ങൾ ഒരു സന്യാസിയായി ജീവിക്കണം, ഒരു കുതിരയെപ്പോലെ ജോലി ചെയ്യണം. ജുഡീഷ്യൽ ഓഫീസർമാർ വളരെയധികം ത്യാഗം ചെയ്യണം. അവർ ഫെയ്‌സ്‌ബുക്കിൽ കയറരുത്,” കോടതി പറഞ്ഞു.
2023 നവംബർ 11-ന് ജോലിയിലെ തൃപ്തികരമല്ലാത്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആറ് വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിട്ടിരുന്നു. ഓഗസ്റ്റ് 1-ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഫുൾ കോടതി അവരിൽ നാല് പേരെ തിരിച്ചെടുക്കാൻ തീരുമാനിച്ചു. എന്നാൽ ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ കഴിയാതിരുന്ന അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് രിഗണിക്കവെയാണ് ജഡ്ജിമാർ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരാമർശം നടത്തിയത്.















