പാലക്കാട്: അപ്രതീക്ഷിതമായ ‘അപകടം നിമിഷനേരങ്ങൾക്കുള്ളിൽ ജീവൻ കവരുമെന്ന് ഒരു പക്ഷെ അവർ നാല് പേരും ചിന്തിച്ചിട്ടുണ്ടാകില്ല. പരീക്ഷയുടെ ആവലാതികൾ പറഞ്ഞും തമാശകൾ പറഞ്ഞും നാല് സുഹൃത്തുക്കളും ഒരുമിച്ച് നടന്നുനീങ്ങിയത് മരണത്തിലേക്കായിരുന്നു. പഠിക്കാനാണെങ്കിലും കളിക്കാനാണെങ്കിലും എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്നവർ. അവസാന യാത്രയിലും ഒരു ഗ്രാമത്തിനെയാകെ കണ്ണീരിലാഴ്ത്തി ഒരുമിച്ച് യാത്രയായി.
അവസാനമായി ഒരുനോക്ക് കാണാനെത്തിയവർ വിങ്ങിപ്പൊട്ടി. അതിൽ ക്ലാസിലെ കൂട്ടുകാരും പ്രിയപ്പെട്ട അദ്ധ്യാപകരും നാട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. കണ്ടുനിന്നവരെ ഏറെ കണ്ണീരണിയിച്ചത് കൂട്ടുകാർക്ക് യാത്രമൊഴി ചൊല്ലാൻ കണ്ണീരോടെ കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിയ നിമിഷങ്ങളാണ്. ഇനി ഭക്ഷണം പങ്കുവയ്ക്കുന്നതിനും ക്ലാസിൽ കളിചിരികൾ പറയാനും അവർ നാല് പേരുമില്ലെന്ന ദുഃഖം ഓരോ വിദ്യാർത്ഥികളുടെയും മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.
തുപ്പനാട് മസ്ജിദിൽ ഒന്നിച്ചായിരുന്നു നാല് കുട്ടികളുടെയും സംസ്കാരം. നാട്ടുകാരും ബന്ധുക്കളും കണ്ണീരോടെ നാലു പേർക്കും വിടചൊല്ലി. പാലക്കാട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. സ്കൂളിലെ പൊതുദർശനം ഒഴിവാക്കി തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലായിരുന്നു പൊതുദർശനം.
പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സിമന്റ് കയറ്റിയെത്തിയ ലോറിയിൽ, പാലക്കാട്ടേക്ക് പോകുകയായിരുന്ന ലോറി ഇടിച്ചത്. ഇതോടെ സിമന്റ് ലോഡുമായി പോയ ലോറിയുടെ നിയന്ത്രണം വിട്ട് വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും മറ്റൊരു വിദ്യാർത്ഥിനി രക്ഷപ്പെട്ടത്.
തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു കുട്ടിയുടെ മുടി മുറിച്ചാണ് ടയറിനടിയിൽ നിന്നും പുറത്തെടുത്ത്. നാട്ടുകാരും അഗ്നിശമന സേനയും ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് കുട്ടികൾ മരിച്ചിരുന്നു.