താനെ: ഒറ്റയ്‌ക്ക് നടക്കാൻ പോയതിന്റെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ മുമ്പ്ര സ്വദേശിയായ 31 കാരനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു.
പ്രതി കഴിഞ്ഞ ദിവസമാണ് തന്റെ ഭാര്യാ പിതാവിനെ വിളിച്ച് ‘മുത്തലാഖ്’ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. ഭാര്യ ഒറ്റയ്‌ക്ക് നടക്കാൻ പോയതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മുത്തലാഖ് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.
25 കാരിയായ ഭാര്യയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(40 ) പ്രകാരം ഭീഷണിപ്പെടുത്തൽ, മുസ്ലീം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.















