മലപ്പുറം: പൊന്നാനിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. എ വി ഹൈസ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികൾക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഉച്ചയോടെയായിരുന്നു സംഭവം.
നിയന്ത്രണം വിട്ടെത്തിയ കാർ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറി മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ പൊന്നാനി താലൂക്ക് ആശുപത്രിയിലും മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ് വിദ്യാർത്ഥികൾ.
പാലക്കാട് പനയമ്പാടത്ത് നാല് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന അപകടത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുൻപാണ് മറ്റൊരു അപകടം. ഇന്നലെ വൈകിട്ട് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാല് വിദ്യാർത്ഥികളാണ് ലോറിക്കടിയിൽപ്പെട്ട് മരിച്ചത്. നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. സിമന്റുമായി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചതാണ് അപകടകാരണം.