കടുത്ത മദ്യപാനത്തെത്തുടർന്ന് ചെറുപ്രായത്തിൽ തന്നെ കരിയറിനോട് വിടപറയേണ്ടി വന്ന താരമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. കാംബ്ലിക്കൊപ്പം കരിയർ ആരംഭിച്ച ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്ററായി മാറി. എന്നാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോയ കാംബ്ലിക്ക് ഒരിക്കൽപോലും മികച്ചൊരു തിരിച്ചുവരവ് നടത്താനായില്ല.
അടുത്തിടെ ഇരുവരും മുൻ പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ അനുസ്മരണ ചടങ്ങിൽ
കണ്ടുമുട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് കാംബ്ലിയുടെ ആരോഗ്യത്തെപ്പറ്റി വലിയതോതിൽ ചർച്ചകൾ ഉയർന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കാംബ്ലി കടന്നുവന്ന അവസ്ഥകളെപ്പറ്റിയും അടുത്ത സുഹൃത്തായ സച്ചിനെക്കുറിച്ചും മനസുതുറന്നിരുന്നു.
2009 ൽ സച്ചിനെതിരെ താരം പല പരാമർശങ്ങളും നടത്തിയിരുന്നു. തന്റെ അവസ്ഥ കണ്ടിട്ടും സച്ചിൻ തന്നെ അവഗണിച്ചിരുന്നുവെന്ന് ആ സമയത്ത് കാംബ്ലി ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ സച്ചിൻ പിന്നീട് നൽകിയ സഹായങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാംബ്ലി. 2013ൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായപ്പോൾ തന്റെ പല മെഡിക്കൽ ബില്ലുകളും സച്ചിൻ ഏറ്റെടുത്തിരുന്നുവെന്ന് മുൻ ബാറ്റർ വെളിപ്പെടുത്തി.
“ആ സമയത്ത് (2009) സച്ചിൻ സഹായിച്ചില്ലല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. അതിൽ ഞാൻ അങ്ങേയറ്റം നിരാശനായിരുന്നു. എന്നാൽ 2013ൽ എന്റെ രണ്ട് ശസ്ത്രക്രിയകൾക്കുള്ള ചെലവ് ഉൾപ്പെടെ സച്ചിൻ എനിക്കായി എല്ലാം ചെയ്തു. ഞങ്ങൾ വീണ്ടും സംസാരിച്ചു. ബാല്യകാല സൗഹൃദം തിരികെ കിട്ടി,” കാംബ്ലി പറഞ്ഞു. ജീവിതം വിചാരിച്ചതുപോലെയായിരുന്നില്ല എങ്കിലും സച്ചിനും കുടുംബവും സുഹൃത്തുക്കളും തനിക്ക് തിരികെ വരാനുള്ള പിന്തുണ നൽകിയെന്നും കാംബ്ലി വെളിപ്പെടുത്തി. രമാകാന്ത് അച്‌രേക്കറുടെ അനുസ്മരണ ചടങ്ങിൽ വേദിയിലെത്തിയ സച്ചിന്റെ കൈ പിടിച്ച് സംസാരിക്കാൻ ശ്രമിക്കുന്ന കാംബ്ലിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.















