എറണാകുളം: കൊച്ചിയിൽ വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വടുതല സ്വദേശിയായ ജോണിയാണ് മരിച്ചത്. വാൻ ഡ്രൈവറായ ജോണി വാഹനത്തിൽ ഒറ്റയ്‌ക്കായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ലോ കോളേജിന് സമീപത്തായാണ് അപകടം. അമിത വേഗത്തിൽ തെറ്റായ ദിശയിലാണ് കാറെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻ വശം പൂർണമായി തകർന്ന നിലയിലായിരുന്നു. വാനിൽ നിന്നും ജോണിയെ നാട്ടുകാർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വാൻ പൂർണമായി തകർന്നിരുന്നു. ഇതോടെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ജോണിയെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജോണിയുടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റിരുന്നു.