ഉത്തർപ്രദേശിൽ മഹാകുംഭ മേള (Maha Kumbh Mela 2025) നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളയോട് അനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ വിവിധ പദ്ധതികൾ രാജ്യത്തിനായി പ്രഖ്യാപിച്ചിരുന്നു. ഇതിനോടകം അദ്ദേഹം പ്രഖ്യാപിച്ച ഒന്നായിരുന്നു Kumbh Sah’AI’yak എന്ന ചാറ്റ്ബോട്ട്. ലോകത്തിലെ ഏറ്റവും വലിയ മതപരമായ ചടങ്ങെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ യുപിയിലെത്തുന്ന തീർത്ഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും യഥാസമയം അപ്ഡേറ്റുകൾ ലഭിക്കുന്നതിനും രൂപീകരിച്ച ഈ AI ടൂളിനെക്കുറിച്ച് കൂടുതലറിയാം..
Kumbh Sah’AI’yak ചാറ്റ്ബോട്ട്
കുംഭമേളയ്‌ക്ക് എത്തുന്നവരെ സഹായിക്കാൻ കുംഭ് സഹായക് ചാറ്റ്ബോട്ടാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. മേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലും സമീപപ്രദേശങ്ങളിലുമായി എത്തുന്ന കോടിക്കണക്കിന് തീർത്ഥാടകർക്ക് ഒരു ഡിജിറ്റൽ കൂട്ടാളിയെന്ന പോലെ ഈ ചാറ്റ്ബോട്ട് പ്രവർത്തിക്കും.
വിവിധ ഭാഷാ സേവനം: പത്തിലധികം ഇന്ത്യൻ ഭാഷകളിൽ സംവദിക്കാൻ ചാറ്റ്ബോട്ടിന് സാധിക്കും. ഭാഷിണി ആപ്പുമായി സഹകരിച്ചാണ് ഇത് യാഥാർത്ഥ്യമാക്കുന്നത്.
സംവേദനം വിവിധതരത്തിൽ: ചാറ്റ്ബോട്ടുമായി വിവിധ തരത്തിൽ സംസാരിക്കാൻ കഴിയും. വോയ്സ് മെസേജ് രൂപേണ, ടെക്സ്റ്റ് മെസേജ് രൂപേണയെല്ലാം ഇത് സാധ്യമാകും. ടൈപ്പ് ചെയ്യാൻ അറിയാത്തവർക്ക് വോയ്സ് മെസേജിംഗ് സംവിധാനം സഹായകമാകും.
നാവിഗേഷൻ: ഗൂഗിൾ മാപ്പുമായി കണക്ട് ചെയ്തിരിക്കുന്നതിനാൽ പ്രധാന സ്പോട്ടുകളെക്കുറിച്ച് വിവരം നൽകും. സ്നാനഘട്ടുകൾ, ക്ഷേത്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പാർക്കിംഗ് ഏരിയകൾ തുടങ്ങി വിവിധ കേന്ദ്രങ്ങൾ പരസഹായമില്ലാതെ കണ്ടുപിടിക്കാൻ സഹായിക്കും.
കുംഭമേള എന്ത്, എന്തിന്, എന്തുകൊണ്ട്: ലോകത്തെ ഏറ്റവും വലിയ ആത്മീയചടങ്ങായി കണക്കാക്കുന്ന കുംഭമേളയുടെ ചരിത്രത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ചുമെല്ലാം ചാറ്റ്ബോട്ട് പറഞ്ഞുതുരും.
താമസസൗകര്യം: കുംഭമേളയ്‌ക്ക് എത്തുന്ന ഭക്തർക്കും തീർത്ഥാടകർക്കും പരിസര പ്രദേശങ്ങളിൽ എവിടെയെല്ലാം സർക്കാർ അംഗീകൃത താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ചാറ്റ്ബോട്ട് വിശദമാക്കും. ഹോം സ്റ്റേ, ലോക്കൽ അക്കോമഡേഷൻ, ടൂർ പാക്കേജുകൾ തുടങ്ങിയെല്ലാം ചാറ്റ്ബോട്ട് പറഞ്ഞുതരും.
Maha Kumbh 2025 എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ചാറ്റ്ബോട്ട് ആക്സസ് ചെയ്യാം. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് ഉത്തർപ്രദേശിൽ മഹാകുംഭമേള നടക്കുന്നത്.















