ചെന്നൈ: നടി നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ വീണ്ടും ആരോപണങ്ങളുമായി നടനും നിർമാതാവുമായ ധനുഷ്. നയൻതാരക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ധനുഷ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം കാരണം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ധനുഷ് ആരോപിച്ചു.
“നാനും റൗഡി താൻ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണ്. നാല് കോടി ബജറ്റിലാണ് സിനിമ തുടങ്ങിയത്. എന്നാൽ ഇരുവരുടെയും പ്രണയം കാരണം ഷൂട്ടിംഗിന് കാലതാമസമുണ്ടായി. സെറ്റിൽ ഇരുവരും വൈകിയാണ് വരുന്നത്. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വിഘ്നേഷ് ആവർത്തിച്ച് ചിത്രീകരിച്ചുവെന്നും” ധനുഷ് സത്യവാങ്മൂലത്തിൽ പറയുന്നു.
ഡോക്യുമെന്ററിക്കായി ചില ദൃശ്യങ്ങൾ വിഘ്നേഷ് രഹസ്യമായി ചോദിച്ചു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഡയറക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യപ്പെട്ടത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചപ്പോൾ വിഘ്നേഷ് അസഭ്യം പറഞ്ഞുവെന്നും ധനുഷ് ആരോപിച്ചു.
അതേസമയം, വിവാദ വിഷയത്തെ കുറിച്ച് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നയൻതാര മനസുതുറന്നിരുന്നു. പ്രശ്നം പരിഹരിക്കാനായി നിരവധി തവണ ധനുഷുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്നും വിവാദമായ ക്ലിപ്പുകൾ ഡോക്യുമെന്ററിയിൽ നിന്ന് ഒഴിവാക്കാൻ തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും നയൻതാര പറഞ്ഞു. പ്രശ്നം സംസാരിച്ച് തീർക്കാൻ ധനുഷിന്റെ മാനേജരെ
പലതവണ ബന്ധപ്പെട്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീർക്കാൻ ഇപ്പോഴും താൻ തയാറാണെന്നും നയൻതാര വ്യക്തമാക്കി.















